1 മില്യൺ കാഴ്ചക്കാരേയും നേടി യൂട്യൂബിൽ ട്രെൻഡിങ്ങായി 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ട്രൈലെർ

മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ജനുവരി 23 -ന്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്ന ചിത്രത്തിന്റെ ട്രൈലെർ ജനുവരി എട്ടിന് വൈകുന്നേരം ആറ് മണിക്കാണ് പുറത്ത് വന്നത്. റിലീസ് ചെയ്ത് 24 മണിക്കൂർ പോലും തികയുന്നതിനു മുൻപ് യൂട്യൂബിൽ നിന്ന് ഒരു മില്യണിൽ അധികം കാഴ്‌ചക്കരെയും നേടി ട്രെൻഡിങ് ആയിരിക്കുകയാണ് ഈ ട്രൈലെർ. മികച്ച പ്രേക്ഷക പ്രശംസയാണ് ട്രെയിലറിന് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ആദ്യാവസാനം ഏറെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ട്രൈലെർ പ്രേക്ഷകർക്ക് നൽകുന്നത്. ട്രെയിലറിലെ മമ്മൂട്ടിയുടെ ഡയലോഗുകളെല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. 2025 ജനുവരി 23 നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ' 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.

ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന ഡിറ്റക്റ്റീവ്സ് ഏജൻസി നടത്തുന്ന മമ്മൂട്ടി- ഗോകുൽ സുരേഷ് എന്നിവരുടെ കഥാപാത്രങ്ങൾ, കാണാതായ ഒരു പേഴ്‌സ് അന്വേഷിക്കുന്നതും, ആ അന്വേഷണം അവരെ കൂടുതൽ സങ്കീർണ്ണമായ സാഹചര്യങ്ങളിലേക്കു എത്തിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ട്രൈലെർ സൂചന നൽകുന്നു. വലിയ കാൻവാസിലുള്ള ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും തമിഴിൽ സംവിധാനം ചെയ്തിട്ടുള്ള ഗൗതം വാസുദേവ് മേനോൻ, തന്റെ കരിയറിൽ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'. ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലെ ലൊക്കേഷനുകളിൽ പ്രധാനമായും ഷൂട്ട് ചെയ്‌ത ചിത്രത്തിന്റെ ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി. പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്ണു സുഗതൻ, പിആർഒ- ശബരി.

Related Articles
Next Story