'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് പിങ്ക് പാന്തർ പോലൊരു ചിത്രം'; മമ്മൂട്ടിയുടെ ഒപ്പമുള്ള അവസരത്തിനെ പറ്റി പങ്കുവെച്ച് ഗോകുൽ സുരേഷ്

മമ്മൂട്ടി -ഗൗതം വാസുദേവ മേനോൻ കൂട്ടുകെട്ടിൽ ആദ്യമായി ഒരുങ്ങുന്ന ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്'. പേരിലെ കൗതുകം പോലെതന്നെ നിരവധി പ്രേത്യേകതകളും ചിത്രത്തിന് ഉണ്ട്. ഗൗതം വാസുദേവ മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രവും, മമ്മൂട്ടി കമ്പിനിയുടെ 6-മത് നിർമ്മാണ ചിത്രവുമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. ചിത്രത്തിന്റെ ഏറെ വ്യത്യസ്തയാർന്ന ടീസർ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രമായി ചിത്രത്തിൽ ഗോകുൽ സുരേഷ് എത്തുന്നു.

മമ്മൂട്ടിക്കൊപ്പം ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ കിട്ടിയ അവസരത്തിനെ പറ്റി പങ്കുവെച്ചിരിക്കുകയാണ് ഗോകുൽ സുരേഷ്.

''ടീസറിലൊക്കെ അത്രയും പ്രാധാന്യം എനിക്ക് കിട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതിന് എല്ലാവരോടും അകമഴിഞ്ഞ നന്ദി. എന്നും ഓർമയിലിരിക്കുന്ന എക്സ്പീരിയൻസ് ആയിരുന്നു സിനിമ സമ്മാനിച്ചത്. മമ്മൂട്ടി അങ്കിളിന്റെ കൂടെ വർക്ക് ചെയ്തത് വേറിട്ട അനുഭവം തന്നെ ആയിരുന്നു. ഒന്നും പഠിപ്പിച്ച് തരാതെ തന്നെ നമുക്ക് പഠിക്കാനാവുന്ന യൂണിവേഴ്സിറ്റിയുടെ കൂടെയായിരുന്നു പത്ത്, ഇരുപത്തഞ്ച് ദിവസം. അതിലൊരുപാട് സന്തോഷം. ഫസ്റ്റ് ഹാഫ് വരെ പറഞ്ഞിട്ടുള്ള കഥാപാത്രം ആയിരുന്നു എന്റേത്. പിന്നീടത് കുറച്ച് സമയം കൂടി നീട്ടി. ഒരു പിങ്ക് പാന്തർ പോലൊരു സിനിമയാണ് ഡൊമനിക്", എന്നാണ് ​ഗോകുൽ സുരേഷ് പറഞ്ഞത്.

കൂടാതെ ഗൗതം വാസുദേവൻ മേനോൻ ചിത്രത്തിൽ അഭിനയിക്കാൻ ലഭിച്ച അവസരത്തിന് പറ്റിയും താരം വാചാലനായി. ഗൗതം വാസുദേവൻ മേനോൻ ചിത്രങ്ങളുടെ വലിയ ഫാൻ ആണ് താൻ. വാരണം ആയിരം, കാക്ക കാക്ക, വേട്ടയാട് വിളയാട് തുടങ്ങി നിരവധി പടങ്ങൾ കണ്ട് അദ്ദേഹത്തിന്റെ അടുത്തു നിന്നൊരു ഫോട്ടോ എടുക്കാൻ ആ​ഗ്രഹിക്കുമ്പോൾ, അദ്ദേഹത്തിന്റെ ഫ്രെയിമിൽ വന്ന് അഭിനയിക്കാൻ സാധിക്കുന്നത് വലിയൊരു ഭാ​ഗ്യമായിട്ടാണ് താൻ കരുതുന്നതെന്നും ഗോകുൽ കൂട്ടിച്ചേർത്തു.

നടൻ കാളിദാസ് ജയറാമിന്റെയും താരിണി കലിംഗരായരുടെയും വിവാഹത്തിനായി ഗുരുവായൂരിൽ എത്തിയപ്പോൾ ആയിരുന്നു ഗോകുൽ സുരേഷ് മാധ്യമങ്ങളോട് സംസാരിച്ചത്.ചിത്രത്തിൽ പ്രൈവറ്റ് ഡിറ്റക്റ്റീവ് ആയി ആണ് മമ്മൂട്ടി എത്തുന്നതെന്നാണ് അഭ്യൂഹങ്ങൾ.ചിത്രം 2025 ജനുവരിയിൽ തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Related Articles
Next Story