'' ഒന്നിനെയും കുറിച്ച് വിഷമിക്കേണ്ടെ, താൻ ഉടൻ മടങ്ങിയെത്തും'' : ശിവരാജ് കുമാർ
അടുത്തിടെയാണ് കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ തന്റെ അസുഖത്തെപ്പറ്റി തുറന്ന് പറഞ്ഞത്. മിയാമി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ പോകുന്നതിനാൽ താരമിപ്പോൾ യുഎസിലേക്ക് പോയിരിക്കുകയാണ്.
ഇന്ത്യ വിടുന്നതിന് മുന്നോടിയായി താരം വികാരാധീനനാവുന്ന വീഡിയോ പുറത്തുവന്നിരുന്നു. ചികിത്സയ്ക്കായി പോകുമ്പോൾ ആണ് നടൻ ആരാധകരോട് വികാരഭരിതനായി സംസാരിക്കുന്നത്. കൂടാതെ തന്റെ ചികിത്സയുടെ കൂടുതൽ കാര്യങ്ങളും നടൻ വെളിപ്പെടുത്തിയിരിക്കുകയാണ്. “ഡോക്ടറുടെ പേര് മുരുകേഷ് എൻ മനോഹർ എന്നാണ്. അദ്ദേഹം വളരെ പ്രശസ്തനായ ഒരു ഓങ്കോളജിസ്റ്റാണ്. അദ്ദേഹത്തിന് നല്ല കൈയുണ്ട്, ഭാഗ്യമുള്ള കൈ. ഞാൻ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ, ഒന്നിനെയും കുറിച്ച് വിഷമിക്കേണ്ടെന്ന് പറഞ്ഞു. നടപടിക്രമങ്ങൾ തടസ്സമില്ലാതെ നടക്കുമെന്ന് എനിക്ക് ഉറപ്പുനൽകിയിട്ടുമുണ്ടെന്ന് ശിവരാജ് കുമാർ ആരാധകരോട് പറഞ്ഞു.തൻ്റെ തിരിച്ചുവരവിനെ കുറിച്ച് സംസാരിച്ച ശിവ രാജ്കുമാർ, തൻ്റെ ആരാധകർ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും, താൻ ഉടൻ മടങ്ങിയെത്തുമെന്നും വെളിപ്പെടുത്തി. ഭാര്യ ഗീതയും ഇളയ മകൾ നിവേദിതയും ശിവരാജ് കുമാറിനൊപ്പം ഉണ്ട്. നടൻ കിച്ച സുദീപ് യാത്രയ്ക്ക് മുൻപ് ശിവരാജ്‌കുമാറിനെ കാണാൻ എത്തിയിരുന്നു. ചികിത്സയ്ക്ക് ശേഷം ജനുവരി 25 നു താരം തിരകെ എത്തും.
ശിവ രാജ്കുമാർ അടുത്തിടെ ഭൈരതി രണങ്ങൾ എന്ന സിനിമയിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. ശ്രീമുരളിക്കൊപ്പം അഭിനയിച്ച 2017-ൽ പുറത്തിറങ്ങിയ മഫ്തി എന്ന ചിത്രത്തിൻ്റെ ഒരു പ്രീക്വൽ ആയിരുന്നു.നിയോ-നോയർ സീക്വൽ ഫ്ളിക്കിൽ അഭിനേതാക്കളായ രാഹുൽ ബോസ്, രുക്മിണി വസന്ത്, ദേവരാജ്, ഛായാ സിംഗ്, മധു ഗുരുസ്വാമി, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളും ഉണ്ടായിരുന്നു. നർത്തൻ സംവിധാനം ചെയ്ത ചിത്രം, ഉത്തരവാദിത്തമുള്ള ഒരു അഭിഭാഷകൻ എന്ന നിലയിൽ നിന്ന് കർണാടകയിലെ ക്രൈം ബോസായി ഉയരുന്നതിലേക്കുള്ള ഒരു വ്യക്തിയുടെ യാത്രയാണ് കാണിക്കുന്നത്. ഉത്തരകാണ്ഡ എന്ന കന്നഡ ചിത്രത്തിലും താരം അടുത്തതായി എത്തുന്നുണ്ട് . കൂടാതെ, താത്കാലികമായി RC16 എന്ന് പേരിട്ടിരിക്കുന്ന രാം ചരണിൻ്റെയും ബുച്ചി ബാബു സനയുടെയും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെയും താരം അഭിനയിക്കുന്നുണ്ട്.