ലഹരി ഉപയോഗം മലയാള സിനിമയെ തകർക്കുന്നു; ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം മേഖലയേത്തന്നെ അപ്പാടെ തളർത്തിക്കളഞ്ഞ അവസ്ഥയിലേക്കെത്തിച്ചെന്ന് പ്രശസ്ത ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. ലഹരിഉപയോഗം വർധിച്ചതോടെ നിർമാതാക്കളും സംവിധായകരുമെല്ലാം എന്തുചെയ്യണമെന്നറിയാതെ തലയ്ക്ക് കയ്യുംകൊടുത്തിരിക്കേണ്ട അവസ്ഥയിലാണ്. ഇത് സംബന്ധിച്ച് കർശനമായ അന്വേഷണം ആവശ്യമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലിൽ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരുടെ പേര് പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷമി. ഓംപ്രാകാശും സംഘവുമടങ്ങുന്ന പ്രതികൾ കൊക്കെയിൻ സംഭരിച്ച് ഡി.ജെ പാർട്ടിയിൽ വിതരണംചെയ്യാനുള്ള നീക്കമായിരുന്നുവെന്ന് പോലീസിന് വിവരം ലഭിക്കുകയും ചെയ്തു.
ചിലയാളുകളുടെ സിനികൾക്ക് തീയേറ്റർമാർക്കറ്റും കാഴ്ചക്കാരുമുള്ളതുകൊണ്ടുതന്നെ സംവിധായകരും നിർമാതാക്കളും മൗനം പാലിക്കുന്നത് പ്രധാന വിഷയമാണ്. ലഹരി ഉപയോഗം അറിഞ്ഞിട്ടും ആരും പുറത്തേക്കുവന്ന് ഇത്തരക്കാർക്കെതിരേ ശബ്ദമുയർത്താനും പ്രതികരിക്കാനും തയ്യാറാവുന്നില്ല. അവരുടെ മൗനമാണ് ഇത്രയധികം ഇൻഡസ്ട്രിയെ നശിപ്പിക്കുന്നതിലേക്ക് എത്തിച്ചതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
മുംബൈ സിനിമാ ഇൻഡസ്ട്രി ഇന്ന് വലിയ ലഹരിമാഫിയകളുടെ പിടിയിലാണ്. അതുപോലെയൊരു സംസ്കാരം മലയാളം ഇൻഡസ്ട്രിയിലും കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിന് ആരും വഴിവെച്ചുകൊടുക്കരുതെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.