വിജയിയുടെ പിറന്നാൾ ആഘോഷത്തിനിടക്ക് കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു
അടുത്തിടെ വിജയ് ആരംഭിച്ച തമിഴക വെട്രി കഴകത്തിന്റെ നേതൃത്തിൽ നടന്ന ആഘോഷ പരിപാടിക്കിടെ ആയിരുന്നു അപകടം.
ജൂൺ 22 സിനിമ പ്രേമികൾക്കിടയിൽ ഒരു പ്രധാനപ്പെട്ട ദിവസമാണ്. തമിഴ് നടൻ വിജയിയുടെ ജന്മദിനം. ആഘോഷങ്ങളൊക്കെയായി എല്ലാ വർഷവും ആരാധകർ നടന്റെ ജന്മദിനം ആഘോഷിക്കാറുണ്ട്. എന്നാൽ ഈ വർഷം കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജന്മദിനാഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് വിജയ് നേരത്തെ പറഞ്ഞിരുന്നു. ആ സാഹചര്യത്തിൽ ഇപ്പോൾ നടൻ വിജയിയുടെ പിറന്നാൾ ആഘോഷത്തിനിടെ കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റിരിക്കുകയാണ്. ചെന്നൈയിലെ നീലംഗരൈയിലാണ് സംഭവം. അടുത്തിടെ വിജയ് ആരംഭിച്ച തമിഴക വെട്രി കഴകത്തിന്റെ നേതൃത്തിൽ നടന്ന ആഘോഷ പരിപാടിക്കിടെ ആയിരുന്നു അപകടം.
കയ്യിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തേക്ക് തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. കരാട്ടെയില്‍ പരിശീലനം നേടിയ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. മണ്ണെണ്ണ അധികമായതിനാല്‍ കുട്ടിയുടെ കയ്യിൽ നിന്നും പെട്ടെന്ന് വസ്ത്രത്തിലേക്കും തീ പിടിച്ചു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പടെയുള്ള മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചവരിൽ ചിലര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഉടന്‍ തന്നെ തീ അണച്ച് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നിലവിൽ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി.