ഒരു ചായ കുടിച്ചാൽ പോലും ചർച്ചയാക്കും, പടച്ചുവിടുന്നത് പക്വതയില്ലാത്തവർ : ജയം രവി

ഭാര്യ ആർതിയുമായുള്ള ഡിവോഴ്സ് പ്രഖ്യാപനത്തിന് പിന്നാലെ നടൻ ജയം രവിക്ക് കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നത്. മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന തരത്തിൽ അപവാദ പ്രചാരണങ്ങൾ നടന് നേരെയുണ്ടായിരുന്നു. ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ജയം രവി. അനാവശ്യ ഗോസിപ്പുകൾ പടച്ചുവിടുന്നവർ പക്വതയില്ലാത്തവരാണെന്നും ജനങ്ങളെ എല്ലാം പറഞ്ഞ് മനസിലാക്കാൻ കഴിയില്ലെന്നും ജയം രവി പറഞ്ഞു. 'ബ്രദർ' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'നമ്മൾ പൊതുമാധ്യമങ്ങൾക്ക് നടുവിലാണ് ജീവിക്കുന്നത്. ചായ കുടിച്ചാൽ പോലും ചർച്ചയാക്കുന്ന കാലമാണ്. അത് നല്ല രീതിയിലും മോശം രീതിയിലും വിലയിരുത്തപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യാറുണ്ട്. എല്ലാ കാര്യങ്ങളും മുഖ്യധാരയിലേക്ക് എത്തും. നമുക്ക് ഒരിക്കലും ആ സാഹചര്യം ഒഴിവാക്കാൻ കഴിയില്ല. ആളുകൾക്ക് സിനിമ ഇഷ്ടമാണ്, അതുപോലെ സിനിമാ താരങ്ങളെയും. അതുകൊണ്ട് ഞാനവരെ വിലയിരുത്താൻ പോകാറില്ല.

കുറച്ച് ആളുകൾക്കാണ് വൈകാരികപരമായ പക്വത ഇല്ലാത്തത്. അവരാണ് അനാവശ്യ ഗോസിപ്പുകൾ പടച്ചുവിടുന്നതും. ചെയ്യുന്ന ജോലി മികച്ചതാക്കാൻ ശരീരവും മനസും തെളിമയോടെയിരിക്കണം. ഓരോ ആളുകളുടേയും അടുത്തുചെന്ന് ഉത്തരവാദിത്തബോധം പഠിപ്പിക്കാൻ തനിക്കാവില്ല. പക്വതയുള്ളവർ അപവാദം പ്രചരിപ്പിക്കില്ല. മറ്റു ചിലരാകട്ടെ ഇത്തരം ഗോസിപ്പുകളുടെ തീവ്രത നോക്കുകയോ തന്റെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറുകയോ ഇല്ല. സ്വയം മനസിലാക്കുന്നുണ്ടെങ്കിൽ എന്തിന് മറ്റുള്ളവരുടെ വാക്കുകൾ കണക്കിലെടുക്കണം?' ജയം രവി പറഞ്ഞത് ഇങ്ങനെ.

Related Articles
Next Story