ഫഫയുടെ ബോളിവുഡ് രംഗപ്രവേശനം ഇംതിയാസ് അലിയ്‌ക്കൊപ്പം;നായിക തൃപ്തി ദിമ്രി
തിരക്കഥ പൂർത്തിയാക്കിയ ശേഷം 2025 ആദ്യ പകുതിയിൽ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.
ഇംതിയാസ് അലി ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ഫഹദ് ഫാസിൽ. ചിത്രത്തിൽ നായികയായി തൃപ്തി ദിമ്രിയും എത്തുന്നു.തൻ്റെ പ്രിയപ്പെട്ട ബോളിവുഡ് സംവിധായകരിൽ ഒരാളായ ഇംതിയാസ് അലിയ്‌ക്കൊപ്പം ഹിന്ദി സിനിമയിൽ തൻ്റെ കരിയർ ആരംഭിക്കുന്നതിൻ്റെ ത്രില്ലിലാണ് ഫഹദ് ഫാസിൽ എന്ന് റിപ്പോർട്ടുകൾ പറയുന്നു. ചിത്രത്തിന്റെ തിരക്കഥ ജോലികളിലാണ് ഇപ്പോൾ സംവിധായകൻ.
തിരക്കഥ പൂർത്തിയാക്കിയ ശേഷം 2025 ആദ്യ പകുതിയിൽ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ഇംതിയാസ് അലിയുടെ തന്നെ ഹോം ബാനറായ വിൻഡോ സീറ്റ് ഫിലിംസ് ചിത്രം നിർമ്മിക്കും. റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ സംഗീത സംവിധാനം എ ആർ റഹ്മാൻ നിർവഹിക്കുന്നു. നായികയായി എത്തുന്ന തൃപ്തി ദിമ്രിയുടെ ഇംതിയാസ് അലിക്കൊപ്പമുള്ള രണ്ടാമത്തെ ചിത്രമായിരിക്കും ഇത്. ഇംതിയാസ് അലിയുടെ സഹോദരൻ സാജിദ് അലി സംവിധാനം ചെയ്ത 2018ൽ പുറത്തിറങ്ങിയ ലൈലാ മജ്‌നു ആണ് തൃപ്തി ദിമ്രിയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ചിത്രം ഒപ്പം ചിത്രത്തിന്റെ സഹ എഴുത്തുകാരനായിരുന്നു ഇംതിയാസ് അലി.
ദിൽജിത് ദോസഞ്ചും പരിനീതി ചോപ്രയും അഭിനയിച്ച അമർ സിംഗ് ചംകില ആണ് ഈ വർഷം ഇംതിയാസ് അലിയുടെ അവസാനമിറങ്ങിയ ചിത്രം.