രമേശ് നാരായണിനോട് വിശദീകരണം തേടി ഫെഫ്ക; ഇതൊന്നും സീരിയസായി കാണുന്നില്ലെന്ന് ആസിഫ് അലി
നടൻ ആസിഫ് അലിയെ സംഗീത സംവിധായകൻ രമേശ് നാരായൺ അപമാനിച്ചുവെന്ന ആരോപണത്തിൽ പ്രതികരണവുമായി ഫെഫ്ക. രമേശ് നാരായണിനോട് ഫെഫ്ക വിശദീകരണം തേടി. മ്യൂസിക് യൂണിയൻ ജനറൽ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. രമേശ് നാരായണിന് വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം പക്വതയില്ലായ്മ കാണിച്ചുവെന്നും ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. പരിപാടിയുടെ സംഘാടനത്തിൽ പിഴവ് വന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു
രമേശ് നാരായണിന്റെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും. എന്നാൽ ആസിഫിനോടല്ല അത് കാണിക്കേണ്ടത്. വിവാദമായതോടെ രമേശ് നാരായൺ മാപ്പ് പറഞ്ഞത് മാതൃകാപരമാണ് എന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. വിഷയത്തിൽ ആസിഫ് അലിയുമായി സംസാരിച്ചപ്പോൾ ഇതൊന്നും സീരിയസ് ആയി കാണുന്നില്ല എന്നാണ് ആസിഫ് പറഞ്ഞത്. ആസിഫിനേയും അമ്മ നേതൃത്വത്തെയും ഖേദം അറിയിച്ചിട്ടുണ്ട്. വിവാദം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.