ഫുലേര ഗ്രാമം കാത്തിരിക്കുന്നു; പഞ്ചായത്ത് നാലാം സീസൺ വരവറിയിച്ച് ആമസോൺ പ്രൈം
ആരാധകർക്ക് സന്തോഷം പകർന്നുകൊണ്ട് പ്രൈം വീഡിയോയുടെ പ്രിയപ്പെട്ട പരമ്പരയായ പഞ്ചായത്തിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാലാം സീസൺ ആരംഭിച്ചതായി ആമസോൺ പ്രൈം. കാസ്റ്റ് അപ്‌ഡേറ്റുകൾ, ഷൂട്ടിംങ് ലൊക്കേഷനിലെ ചിത്രങ്ങൾ എന്നിവ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടായിരുന്നു ആമസോൺ പ്രൈം ഔദ്യോഗികമായി സീസൺ 4ന്റെ വരവ് അറിയിച്ചത്. മികച്ച വെബ് സീരിസിനുള്ള IFFI ഉൾപ്പെടെ നിരവധി ഫിലിം ഫെയർ അവാർഡുകൾ അവാർഡ് നേടിയ സീരീസാണ് പഞ്ചായത്ത്. സീരീസിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ജിതേന്ദ്ര കുമാർ, ചന്ദൻ റോയ്, ഫൈസൽ മാലിക് എന്നിവർ ഉള്ള സെറ്റിലെ ചിത്രങ്ങളാണ് ആമസോൺ പ്രൈം പങ്കുവെച്ചിരിക്കുന്നത് .
ആമസോൺ പ്രൈം വീഡിയോയിലെ പഞ്ചായത്ത് വെബ് സീരീസ് ഏറ്റവും ജനപ്രിയമായ ഒന്നാണ്. ചന്ദൻ കുമാർ തിരക്കഥയെഴുതിയ പരമ്പര ദീപക് കുമാർ മിശ്രയാണ് സംവിധാനം ചെയ്തത്. ജിതേന്ദ്ര കുമാർ, നീന ഗുപ്ത, ഫൈസൽ മാലിക്, രഘുബീർ യാദവ്, ചന്ദൻ റോയ് തുടങ്ങി നിരവധി പേർ പഞ്ചായത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫുലേര എന്ന ഗ്രാമത്തിൽ പഞ്ചായത്ത് ഭരിക്കുന്ന ജിതേന്ദ്ര കുമാർ എന്ന സച്ചിവ് ജിയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. മികച്ച ജോലി സാധ്യതകളില്ലാത്തതിനാൽ ഉത്തർപ്രദേശിലെ ഫുലേര എന്ന വിദൂര ഗ്രാമത്തിൽ പഞ്ചായത്ത് സെക്രട്ടറിയായി ചേരുന്ന എഞ്ചിനീയറിംഗ് ബിരുദധാരിയുടെ ജീവിതമാണ് ഇത് വിവരിക്കുന്നത്. മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ മഹോഡിയയിൽ സ്ഥിതി ചെയ്യുന്ന ഒരു യഥാർത്ഥ പഞ്ചായത്ത് ഓഫീസിലാണ് പരമ്പര ചിത്രീകരിച്ചത്. മധ്യപ്രദേശിൻ്റെ തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് സെഹോർ ജില്ല. പരമ്പരയുടെ സൗണ്ട് ട്രാക്കും സ്‌കോറും ഒരുക്കിയത് അനുരാഗ് സൈകിയയാണ്. ഛായാഗ്രഹണവും എഡിറ്റിംഗും അമിതാഭ സിങ്ങും അമിത് കുൽക്കർണിയും ആണ് നിർവ്വഹിച്ചിരിക്കുന്നത്. കോമഡിയുടെയും പരിഹാസത്തിന്റെയും അകമ്പടിയോടെ എത്തിയ സിരിസിന് എപ്പോൾ ഇന്ത്യ ഒട്ടാകെ ആരാധകരാണ്.