'സന്ധ്യ തിയേറ്ററിലെ ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നു';യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ പ്രഖ്യാപിച്ച് അല്ലു അർജുൻ
പുഷ്പയുടെ പ്രിവ്യു ഷോയിക്കിടെ ഉണ്ടായ അപകടത്തിൽ ഹൈദരാബാദിൽ മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു അല്ലു അർജുൻ.ഹൈദരാബാദിലെ ആർടിസി ക്രോസ്‌റോഡിൽ സന്ധ്യ തിയേറ്ററിൽ ഡിസംബർ 4 നു രാത്രി 10:30 ന് ആണ് അപകടം ഉണ്ടാക്കുന്നത്. പ്രീവ്യൂ ഷോയ്ക്കിടെ നടൻ അല്ലു അർജുനും പുഷ്പയുടെ സംവിധയകാൻ സുകുമാറും എത്തുമെന്നുള്ള വാർത്ത കേട്ടതോടെ ജനം തടിച്ചു കൂടുകയായിരുന്നു. ശേഷം ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 കാരിയായ രേവതി എന്ന സ്ത്രീ മരിക്കുകയുമായിരുന്നു. അവരുടെ 13 വയസ്സുകാരൻ മകൻ അടകക്ക് രണ്ടു പേർക്ക് ഗുരുതരമായി പരുക്ക് സംഭവിച്ചിരുന്നു.ദിൽസുഖ് നഗറിൽ താമസിക്കുന്ന രേവതി, തന്റെ ഭർത്താവിനും 2 കുട്ടികൾക്കും ഒപ്പമായിരുന്നു പുഷ്പ 2ന്റെ പ്രിവ്യു ഷോ കാണാൻ എത്തിയത്. മകൻ ശ്രീ തേജ് വലിയൊരു അല്ലു അർജുൻ ആരാധകനായിരുന്നു.
സംഭവത്തിൽ അല്ലു അർജുനും, തിയേറ്റർ മാനേജ്‌മെന്റിനും അല്ലു അർജുന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കുമെതിരെ ഹൈദരാബാദ് പോലീസ് കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തിരുന്നു. മരിച്ച യുവതിയുടെ ഭർത്താവിന്റെ പരാതിയിലായിരുന്നു കേസ് എടുത്തത്. തിയേറ്ററിൽ താരം എത്തുമ്പോൾ ഉണ്ടാകുന്ന തിരക്ക് ഒഴിക്കാൻ വേണ്ട സുരക്ഷാ സജ്ജീകരണങ്ങൾ ഒന്നും തന്നെ തിയേറ്റർ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല എന്നതായിരുന്നു അപകടം ഉണ്ടാകാനുള്ള പ്രധാന കാരണം.
എന്നാൽ തന്റെ ചിത്രം കാണാൻ എത്തിയ ഒരു ആരാധകന് ഉണ്ടായ ദുരന്തത്തിൽ പങ്കുചേർന്നിരിക്കുകയാണ് ഇപ്പോൾ അല്ലു അർജുൻ.
''സന്ധ്യ തിയേറ്ററിലെ ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നു. സങ്കൽപ്പിക്കാനാവാത്ത ഈ ദുഷ്‌കരമായ സമയത്ത് ദുഃഖിതരായ കുടുംബത്തിന് എൻ്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഈ വേദനയിൽ അവർ തനിച്ചല്ലെന്നും കുടുംബത്തെ വ്യക്തിപരമായി കാണുമെന്നും അവർക്ക് ധനസഹായം ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു'' എന്നും എക്‌സിൽ വീഡിയോ പങ്കുവെച്ച് അല്ലു അർജുൻ പറഞ്ഞു. 25 ലക്ഷം രൂപ ആണ് താരം കുടുംബത്തിന് നൽകുക.കൂടാതെ, പരിക്കേറ്റ അംഗങ്ങൾക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ചികിത്സാ ചെലവുകൾ ഏറ്റെടുക്കും എന്നും അല്ലു അർജുൻ ഉറപ്പ് നൽകി.ഒപ്പം സിനിമ കാണുമ്പോൾ ഭാവിയിൽ ജാഗ്രതയും ശ്രദ്ധയും പുലർത്തണമെന്ന് അല്ലു അർജുൻ തൻ്റെ ആരാധകരോട് അഭ്യർത്ഥിച്ചു.