“ഹൃദയപൂർവ്വം”: മോഹൻലാൽ സത്യൻ അന്തിക്കാട് കോംബോ വീണ്ടും ഒന്നിക്കുന്നു

ചിത്രത്തിന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്

മലയാളികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട നടനാണ് മോഹൻലാൽ. ഇഷ്ട്ട സംവിധായകരിലേക്ക് വരുമ്പോൾ മലയാളികളുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ ഉള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട്. പ്രിയ നടനും , പ്രിയ സംവിധായകനും ഒന്നിച്ചപ്പോൾ കിട്ടിയതെല്ലാം മലയാളികൾക്ക് എന്നും മനസ്സിൽ സൂക്ഷിക്കാവുന്ന ഒരു പിടി മികച്ച സിനിമകളാണ്. പിൻഗാമി, വരവേൽപ്പ്, ടി പി ബാലഗോപാലൻ എം എ തുടങ്ങിയ ചിത്രങ്ങൾ മലയാളികളുടെ കൂടെപ്പിറപ്പ് പോലെ തന്നെയാണ്. എന്നാൽ ആ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടെ ചേർക്കാനുള്ള ഒരുക്കത്തിൽ ആണ് സത്യന്‍ അന്തിക്കാട്. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രം വീണ്ടും ചര്‍ച്ചകളിലേക്ക് വന്നത് കഴിഞ്ഞ ദിവസമാണ്.


സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം ഈ കോമ്പിനേഷനില്‍ സിനിമ വരികയാണെന്ന് സത്യന്‍ അന്തിക്കാടിന്‍റ മക്കളും സംവിധായകരുമായ അഖില്‍ സത്യനും അനൂപ് സത്യനും ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍.


ചിത്രത്തിന്‍റെ പേര് സംബന്ധിച്ച ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. ഇത് ശരി വച്ചുകൊണ്ടുള്ളതാണ് സത്യന്‍ അന്തിക്കാടിന്‍റെ വാക്കുകള്‍- ഷൂട്ടിംഗ് പൂർത്തിയായി റിലീസ് ഡേറ്റ് അടുക്കുമ്പോൾ മാത്രം പേരിടുന്ന പതിവായിരുന്നു പണ്ട്. വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമേ പേര് നേരത്തെ തീരുമാനിക്കാറുള്ളൂ. കഥയ്ക്ക് മുമ്പ് പേര് കിട്ടിയ ചരിത്രമാണ് ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിനുള്ളത്. “അടുത്ത സിനിമ ഒരു കോളനിയുടെ പശ്ചാത്തലത്തിൽ ആയാലോ“ എന്ന് ചോദിച്ചപ്പോഴേക്കും ശ്രീനി പറഞ്ഞു… “നമുക്ക് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന് പേരിടാം. ഒരു ഇന്ത്യൻ പ്രണയകഥയും ഞാൻ പ്രകാശനും ഷൂട്ടിംഗിന് മുമ്പേ കയറിവന്ന പേരുകൾ ആണ്. പുതിയ ചിത്രം ഡിസംബറോടെയാണ് ചിത്രീകരണം ആരംഭിക്കുന്നത് എങ്കിലും “ഹൃദയപൂർവ്വം” എന്ന പേര് നൽകുന്നു. മോഹൻലാലിനെ ക്യാമറയ്ക്ക് മുന്നിൽ നിർത്തി അഭിനയിപ്പിക്കാൻ സാധിക്കുന്നത് എന്റെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. വീണ്ടും മോഹൻലാൽ എന്റെ നായകനാകുന്നു.


ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. വളരെ രസകരമായ ഒരു കഥ എന്റെ മനസ്സിൽ രൂപപ്പെട്ടു കഴിഞ്ഞപ്പോൾ കൂടെയിരുന്ന് അത് തിരക്കഥയാക്കാനും സംഭാഷണങ്ങൾ എഴുതുവാനും "നൈറ്റ് കോൾ" എന്ന മനോഹരമായ ഷോർട്ട് ഫിലിം സംവിധാനം ചെയ്ത സോനു ടി പി യെയാണ് തിരഞ്ഞെടുത്തത്. 'സൂഫിയും സുജാതയും', 'അതിരൻ' എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്താണ് ഛായാഗ്രഹണം. 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിന് ശേഷം സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ വീണ്ടും മലയാളത്തിലെത്തുന്നു. കലാസംവിധാനം ഏറെ പ്രിയപ്പെട്ട പ്രശാന്ത് മാധവും, സോഷ്യല്‍ മീഡിയയില്‍ സത്യന്‍ അന്തിക്കാട് കുറിച്ചു.



ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. മോഹൻലാൽ എന്ന നടനെ സംബന്ധിച്ചു കുറച്ചു മോശം സമയത്തു കൂടെയാണ് ഇപ്പോൾ കടന്നുപൊക്കോണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ മലയാള സിനിമയ്‌ക്ക് ആ പഴയ മോഹൻലാലിനെ തിരികെ വേണം. അത് സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ആവട്ടെ എന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്.

Athul
Athul  
Related Articles
Next Story