സിനിമയിലെ മുഴുവൻ സ്ത്രീകൾക്കും നീതിവേണം: ഡബ്ല്യുസിസി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തതിൽ സർക്കാരിനും സിനിമാ സംഘടനകൾക്കുമെതിരേ വിമർശവുമായി വിമെൻ ഇൻ സിനിമാ കലക്ടീവ്. റിപ്പോർട്ട് വൈകാനിടയാക്കുന്നത് നീതി നിഷേധമാണെന്നും ഭരണഘടന അനുശാസിക്കുന്ന നീതിനിർവഹണത്തിലെ ലംഘനമാണെന്നും ഡബ്ല്യുസിസി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
‘‘വയനാടിന്റെ ദുരന്തം ഉണ്ടാക്കിയ ഞെട്ടലിൽ നിന്ന് നമ്മൾ ഇനിയും മുക്തരായിട്ടില്ല. അതിനിടയിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരുന്നതിനെതിരെ ഒരു പ്രൊഡ്യൂസർ നൽകിയ സ്റ്റേ വീണ്ടും അടുത്ത മാസം ആറാം തീയതി വരെ നീട്ടിയത്. സമാനതകളിലാത്ത ഈ ദുരിത സാഹചര്യത്തിലാണെങ്കിലും ഇതേ കുറിച്ച് ചിലത് പറയാതിരിക്കാനാവില്ല. നിയമം ഉണ്ട് എന്നത് സ്ത്രീയ്ക്ക് നീതി കിട്ടും എന്നതിൻ്റെ ഉറപ്പല്ല. നീതിക്കായുള്ള പോരാട്ടം പിന്നെയും ഒരു വലിയ കടമ്പയാണ്. സിനിമയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത് ഇരട്ടി ദൂരം സഞ്ചരിക്കലാണ്. നീതി കിട്ടുന്നു എന്ന പ്രതീതി മാത്രമാണ് അവർക്കായി ബാക്കി നിൽക്കുന്നത്. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നിട്ട് വരുന്ന ഡിസംബറിൽ അഞ്ചു വർഷം തികയും. റിപ്പോർട്ട് പുറത്തു കൊണ്ടുവരാനോ നിർദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാനോ കേരളത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അതിനായി മുന്നിട്ടിറങ്ങാൻ സർക്കാറോ സിനിമയിൽ ആധിപത്യം വഹിക്കുന്ന സംഘടനകളോ തയാറുമല്ല.
സിനിമയിലെ തൊഴിലിടങ്ങളിൽ പണിയെടുക്കുന്ന സ്ത്രീകൾക്ക് നീതി ലഭ്യമാക്കുന്ന കാര്യത്തിൽ കേരളം വലിയ പരാജയമാണ് എന്ന് ഈ കാത്തിരുപ്പ് ഓർമിപ്പിക്കുന്നു. നീതിശൂന്യമായ ഈ കാത്തിരിപ്പിന് ഒരു പരിഹാരമായാണ് ആരുടെയും സ്വകാര്യത ലംഘിക്കാത്ത രീതിയിൽ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടണം എന്ന വിവരാവകാശ കമ്മീഷന്റെ നിർദ്ദേശം. അന്യായങ്ങൾ ചെയ്തവരെ അത് സുരക്ഷിതരാക്കി നിർത്തുന്നു. എന്നാൽ അത് പോലും നിയമക്കുരുക്കിലേക്ക് കൊണ്ടു പോയി, റിപ്പോർട്ട് പുറത്തു വരുന്നത് തടഞ്ഞു നിർത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.