നിന്നെ പോലെയുള്ള മക്കളുള്ള അച്ഛനമ്മമാർ എങ്ങനെ സമാധാനത്തോടെ ജീവിക്കും; ദുരനുഭവം പങ്കുവെച്ച് സൗപർണിക
സീരിയലിലെ വില്ലത്തിമാരായി അഭിനയിക്കുന്ന നടിമാർക്ക് പൊതുസ്ഥലത്ത് നിന്നും അടിക്കിട്ടുന്ന കഥകൾ പലപ്പോഴും കേൾക്കാറുണ്ട്. അത്തരത്തിൽ തനിക്ക് കിട്ടിയ തല്ലിനെ കുറിച്ച് പറയുകയാണ് നടി സൗപർണിക സുഭാഷ്. സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായിരുന്ന സൗപർണിക.
മുൻപ് താൻ അഭിനയിച്ച സീരിയലുകളെ പറ്റി സംസാരിക്കവേ പ്രേക്ഷകരിൽ നിന്നുമുണ്ടായ ദുരനുഭവത്തെ കുറിച്ചും നടി സൂചിപ്പിച്ചു. മാനസപുത്രി എന്ന ഹിറ്റ് സീരിയലിൽ അഭിനയിക്കുമ്പോഴായിരുന്നു നായികയെ ഉപദ്രവിച്ചെന്ന പേരിൽ ഒരു അമ്മയുടെ കൈയ്യിൽ നിന്നും അടി കിട്ടിയതെന്ന് സൗപർണിക പറഞ്ഞു.
'മാനസപുത്രിയിൽ ഞാൻ നെഗറ്റീവ് റോളാണ് ചെയ്തിരുന്നത്. അർച്ചനയുടെ കൂടെയായിരുന്നു എപ്പോഴും . സോഫി എന്ന കഥാപാത്രത്തെ എല്ലാവരും ഉപദ്രവിക്കുമായിരുന്നു. ഒരിക്കൽ പാറശ്ശാലയിലുള്ള അമ്പലത്തിൽ പോയപ്പോൾ അവിടെ അടുത്തുള്ള ഒരു കടയിൽ ജ്യൂസ് കുടിക്കാനായി കയറി.
പെട്ടെന്ന് എടീ, നീ ആ സോഫിയെ ഉപദ്രവിക്കുമല്ലേടീ എന്ന് പറഞ്ഞ് ഒരടി കിട്ടി. ആദ്യം ഇതെന്താണെന്ന് മനസിലായില്ല. അതുപോലെ അമ്പലത്തിൽ തൊഴുതോണ്ട് നിന്നപ്പോഴും ഒരു അമ്മൂമ്മ വന്നിട്ട് 'നിന്നെ പോലെയുള്ള മക്കളുള്ള അച്ഛനമ്മമാർ എങ്ങനെയാണ് സമാധാനത്തോടെ ജീവിക്കുക' എന്ന് ചോദിച്ചു. അമ്പലത്തിൽ നിറച്ചും ആളുകളുണ്ട്. അവരൊക്കെ ഇത് കേട്ടിട്ട് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. അച്ഛനെയും അമ്മയെയും വരെ പറഞ്ഞോണ്ട് ആളുകൾ വഴക്ക് ഉണ്ടാക്കാൻ വന്നപ്പോൾ വലിയ വിഷമം തോന്നിയിരുന്നു. പക്ഷേ പിന്നീട് എന്റെ ആ കഥാപാത്രം വിജയിച്ചത് കൊണ്ടാണല്ലോ ആളുകൾ അങ്ങനെ പറയുന്നതെന്ന് ഓർത്തപ്പോൾ സമാധാനിച്ചു.
ആദ്യമായി അഭിനയിക്കാനെത്തിയതിനെ പറ്റിയും ഇത് തന്നെയാണ് തന്റെ കരിയറെന്നും ചെറിയ പ്രായത്തിലെ താൻ മനസിലാക്കിയിരുന്നുവെന്നാണ് സൗപർണിക പറയുന്നത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് സിനിമയിലേക്ക് അവസരം കിട്ടുന്നത്. അവൻ ചാണ്ടിയുടെ മകനാണ് ആദ്യ സിനിമയെന്നും താരം പറയുന്നു.