കരഞ്ഞു കൊണ്ട് ബാഗിൽ നിന്നും നോട്ടും ചില്ലറയും അമ്മ നുള്ളിപ്പെറുക്കുന്നത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്; നിഖില വിമൽ
I can still remember my mother pinching notes and change from her bag while crying; Nikhila Vimal
കരിയറിന്റെ തുടക്കകാലത്ത് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി നിഖില വിമൽ. ആദ്യം അഭിനയിച്ച ഷൂട്ടിംഗ് മുടങ്ങി. പിന്നീട് 150 ഓളം ദിവസം മറ്റൊരു സിനിമ ചെയ്‌തെങ്കിലും തന്റെ സീനുകൾ സിനിമയിൽ നിന്നും വെട്ടിക്കളഞ്ഞിരുന്നു. ഇങ്ങനെ വിഷമവും നിരാശയും തോന്നിയ അനുഭവങ്ങളുണ്ട് എന്നാണ് നിഖില വെളിപ്പെടുത്തിയിരിക്കുന്നത്.
”തുടക്കകാലത്ത് ഞാൻ ചില തമിഴ് സിനിമകളിൽ അഭിനയിച്ചു. അന്നൊന്നും സിനിമയെ കുറിച്ച് കൃത്യമായ ധാരണയില്ലായിരുന്നു. ഒരനുഭവം പറയാം, ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനായി ചെന്നൈയിലേക്ക് പോയതാണ് ഞാനും അമ്മയും. ഇടയ്ക്ക് വച്ച് ഷൂട്ടിംഗ് മുടങ്ങി. സിനിമയുടെ പ്രവർത്തകർ ടിക്കറ്റ് റിസർവ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു ഞങ്ങളെ ട്രെയിനിൽ കയറ്റി ഇരുത്തി.”
”ഒടുവിൽ ടിടിഇ വന്നപ്പോൾ ടിക്കറ്റുമില്ല, റിസർവേഷനുമില്ല. ഞങ്ങളുടെ കയ്യിൽ കാശും കുറവാണ്. അമ്മ കരഞ്ഞു കൊണ്ട് ബാഗിൽ നിന്നും നോട്ടും ചില്ലറയും നുള്ളിപ്പെറുക്കുന്നത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. മറ്റൊരു സംഭവം 150 ദിവസത്തോളം നീണ്ട ഒരു ഷൂട്ടിംഗ് ആണ്. ഇന്ന് 150 എന്നൊക്കെ പറഞ്ഞാൽ ബ്രഹ്‌മാണ്ഡ സിനിമയാണ്.” ”40 ദിവസത്തോളം ചിത്രീകരിച്ച സീൻ ഡബ്ബിങ് ചെയ്ത് തിയേറ്ററിൽ എത്തിയപ്പോൾ അപ്രത്യക്ഷമായി. അങ്ങനെ വിഷമവും നിരാശയും തോന്നിയ അനുഭവങ്ങളുണ്ട്. ഒരു സിനിമ റിലീസായി തൊട്ടുപിന്നാലെ അടുത്ത ഓഫർ വന്നില്ലെന്ന് വിഷമിക്കുന്നവരെ കണ്ടിട്ടുണ്ട്. അവിടെയാണ് ഇതൊന്നുമൊരു സ്ട്രഗിൾ അല്ല എന്ന് ഞാൻ പറയുന്നത്.”
”കുറച്ചു കൂടി ക്ഷമ വേണം എന്ന് അടുപ്പമുള്ള പലരോടും പറയാറുണ്ട്” എന്നാണ് നിഖില പറയുന്നത്. അതേസമയം, ജയറാം ചിത്രം ‘ഭാഗ്യദേവത’യിൽ ബാലതാരമായി എത്തിയ നിഖില, ദിലീപിന്റെ ‘ലവ് 24×7’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ‘ഗെറ്റ് സെറ്റ് ബേബി’ ആണ് ഇനി റിലീസിനൊരുങ്ങുന്ന നിഖിലയുടെ പുതിയ സിനിമ.