മക്കളെ എനിക്ക് വേണം, നിയമപോരാട്ടം നടത്തും: ജയം രവി

നടൻ ജയം രവിയുടെ വിവാഹമോചന വാർത്ത വിവാദങ്ങൾക്കാണ് തുടക്കമിട്ടത്. ഇപ്പോൾ മക്കളുടെ കസ്റ്റഡിക്കായി വർഷങ്ങളോളം നിയമപോരാട്ടം നടത്തും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജയം രവി. മക്കളാണ് ഇനി ഭാവിയും സന്തോഷവും. മകനെ സിനിമയിലേക്ക് കൊണ്ടുവരുമെന്നും താരം കൂട്ടിച്ചേർത്തു.

എന്റെ മക്കളായ ആരവിന്റേയും അയാന്റേയും കസ്റ്റഡി എനിക്ക് വേണം. പത്തല്ല 20 അല്ല എത്ര വർഷം നീണ്ടാലും ഈ വിവാഹമോചനത്തിനായി കോടതിയിൽ പോരാടാൻ തയ്യാറാണ്. എന്റെ ഭാവി എന്റെ മക്കളാണ്. അവരാണ് എന്റെ സന്തോഷം എന്നാണ് ഒരു അഭിമുഖത്തിൽ താരം പറഞ്ഞത്.

മൂത്ത മകൻ ആരവിനൊപ്പം ചേർന്ന് സിനിമ നിർമിക്കണമെന്നും മകനെ സിനിമയിലേക്ക് കൊണ്ടുവരണമെന്നും ജയംരവി പറഞ്ഞു. മകനെ സിനിമയിലേക്ക് കൊണ്ടുവരണം എന്നതാണ് എന്റെ സ്വപ്നം. ആറ് വർഷം മുൻപ് ഞാൻ അവനൊപ്പം ടിക് ടോക്കിൽ അഭിനയിച്ചു. അതാണ് എന്റെ ജീവിതത്തിലെ സന്തോഷകരമായ ദിവസം. വീണ്ടും അങ്ങനെയൊരു ദിവസത്തിനായാണ് ഞാൻ കാത്തിരിക്കുന്നത്. - താരം കൂട്ടിച്ചേർത്തു.

ഭാര്യ ആരതിയുടെ ആരോപണങ്ങൾക്കെതിരെ താരം രൂക്ഷ ഭാഷയിലാണ് പ്രതികരിച്ചത്. ദാമ്പത്യ ബന്ധത്തിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ആരതി സമീപിച്ചു എന്നായിരുന്നു വാർത്തകളോട് രൂക്ഷമായ രീതിയിലാണ് താരം പ്രതികരിച്ചത്. താൻ രണ്ട് തവണ വക്കീൽ നോട്ടീസ് അയച്ചിട്ടും അവർ പ്രതികരിച്ചില്ല. അനുരഞ്ജനത്തിന് ശ്രമമുണ്ടായിരുന്നെങ്കിൽ കാമുകിയെക്കുറിച്ച് വാർത്തകൾ വരുമായിരുന്നോ എന്നും താരം ചോദിച്ചു.

വിവാഹമോചനം പ്രഖ്യാപിച്ചുകൊണ്ട് താരം കുറിപ്പ് പുറത്തുവിടുകയായിരുന്നു. പിന്നാലെ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത് എന്ന് പറഞ്ഞുകൊണ്ട് ആരതി രംഗത്തെത്തി. പിന്നാലെ ഗായിക കെനിഷ ഫ്രാൻസിസുമായി നടൻ പ്രണയത്തിലാണ് എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങി. ഇത് തള്ളിക്കൊണ്ട് താരം രംഗത്തെത്തിയിരുന്നു.

Related Articles
Next Story