ഐ എഫ് എഫ് കെ ഏഴാം ദിനം :ഫീമെയിൽ വോയ്‌സസ് 'എന്ന പാനൽ സംഘടിപ്പിച്ചു

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഏഴാം ദിനമായ ഇന്ന് 'ഇന്ത്യൻ സ്വതന്ത്ര സിനിമയിലെ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തിൽ ഹോട്ടൽ ഹൊറൈസണിൽ 'ഫീമെയിൽ വോയ്‌സസ് 'എന്ന പാനൽ ചർച്ച നടന്നു . രാവിലെ 11 മണി മുതൽ 12.30 വരെയാണ് ചർച്ച നടന്നത്. ഫ്രഞ്ച് ഫിലിം പ്രൊഡ്യൂസറായ ഗോൾഡ സെല്ലം ആണ് ചർച്ചയുടെ മോഡറേറ്റർ. ഇന്ത്യൻ ഫൈൻ മേക്കറായ റിയ ദാസ്,നടിയും പ്രൊഡക്ഷൻ ഡിസൈനറുമായ അനസൂയ സെൻ ഗുപ്ത, ഛായാഗ്രാഹിക ഫൗസിയ ഫാത്തിമ , നടി കനി കുസൃതി തുടങ്ങിയവരായിരുന്നു ചർച്ചയിൽ പങ്കെടുത്തത്.സിനിമയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും, സ്ത്രീ സംവിധായകരുടെ ചിത്രങ്ങളും കഥാപാത്രങ്ങളുമായിരുന്നു ചർച്ചയുടെ പ്രധാന ആശയം.സിനിമാമേഖലയിൽ സ്ത്രീകൾ കുറവായതുകൊണ്ട് തന്നെ പലപ്പോഴും ഏറ്റവും മികച്ച സിനിമകൾ ചെയ്യണമെന്ന സമ്മർദം സ്ത്രീകൾക്ക് മേൽ ഉണ്ടാകുന്നുവെന്നും സിനിമയിലെ സ്ത്രീ സാന്നിധ്യം സർവ്വസാധാരണമാകണമെന്നും കനി കുസൃതി പറഞ്ഞു.സിനിമാമേഖലയിൽ സ്ത്രീകൾ മറ്റു സ്ത്രീകളെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് റിമ ദാസ് സംസാരിച്ചത്. സിനിമയിലെ അണിയറ പ്രവർത്തനങ്ങൾക്കും സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യാനും സ്ത്രീകൾക്ക് അവസരങ്ങൾ ഒരുക്കുക എന്നതും അവരുടെ തൊഴിൽ അംഗീകരിക്കുക എന്നതും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഫൗസിയ ഫാത്തിമ അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ സാന്നിധ്യം എന്നും സിനിമാമേഖലയിൽ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അത് ചർച്ചചെയ്യപ്പെടാൻ തുടങ്ങിയത് ഈയടുത്ത കാലത്താണെന്നും അനസൂയ സെൻഗുപ്ത പറഞ്ഞു.

സമകാലിക ഇന്ത്യൻ സിനിമയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും സിനിമാ മേഖലയിലെ സ്ത്രീ മുന്നേറ്റങ്ങളെപ്പറ്റിയും അതിഥികൾ അവരുടെ അഭിപ്രായങ്ങൾ പങ്കുവച്ചു. സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ കാണുന്ന സിനിമകൾ കൂടുതലുണ്ടാകണമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. സ്ത്രീകൾ നേരിടുന്ന സാമ്പത്തിക, സാമൂഹിക പ്രതിബന്ധങ്ങളെ പറ്റിയും അവർക്ക് സിനിമാമേഖലയിൽ സുസ്ഥിരമായ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ചർച്ചകൾ നീണ്ടു. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കാൻ സ്ത്രീകൾതന്നെ മുന്നോട്ട് വരണമെന്നും പാനൽ ചർച്ച ഓർമപ്പെടുത്തി

Related Articles
Next Story