"ജീവിതത്തിന്റെ ഈ പുതിയ ഘട്ടത്തെ നേരിടാൻ ഞാൻ തയ്യാറാണ്" മകളുടെ പിറന്നാൾ ദിനത്തിലെ വൈകാരികമായ കുറിപ്പ് പങ്ക് വച്ച് ആര്യ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ ആർട്ടിസ്റ്റാണ് ആര്യ. സന്തോഷങ്ങളും വിശേഷങ്ങളും അഭിപ്രായ പ്രതികരണങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ, ഒരു വൈകാരികമായ കുറിപ്പ് പങ്കുവച്ചുകൊണ്ട് തന്റെ മകൾ ഖുഷിയുടെ 13-ാം പിറന്നാളിന്റെ സന്തോഷം പങ്കിടുകയാണ് അവതാരകയും അഭിനേത്രിയുമായ താരം. തന്റെ മകൾ 13 ആം വയസ്സിലേക്ക് കടക്കുമ്പോൾ തനിക്ക് ടീനേജ് പെൺകുട്ടിയുടെ അമ്മയായി പ്രമോഷൻ കിട്ടിയെന്ന് ആര്യ പറയുന്നു. ടെലിവിഷൻ അവതരണത്തിനും അഭിനയത്തിനും പുറമെ കാഞ്ചീവരം എന്ന ബിസിനസ് സംരംഭത്തിന്റെ ഉടമ കൂടി ആണ് ആര്യ. തന്റെ രണ്ടാമത്തെ കുട്ടിയായാണ് ഈ ബിസിനെസ്സ് സംരംഭത്തെ ആര്യ വിശേഷിപ്പിക്കുന്നത്. തന്റെ ആദ്യത്തെ പെൺകുട്ടിക്ക് 13 ഉം രണ്ടാമത്തെ കുട്ടിക്ക് 2 ഉം വയസ്സായെന്ന് ആര്യ കുറിപ്പിൽ പറയുന്നു.
“എന്റെ ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട ഫെബ്രുവരി 18. എന്റെ കുഞ്ഞ് 13-ാം വയസിലേക്ക് കടക്കുമ്പോൾ എനിക്ക് ടീനേജ് പെൺകുട്ടിയുടെ അമ്മയായി പ്രമോഷൻ കിട്ടി. ഇപ്പോൾ എന്റെയുള്ളിൽ ഒരുപാട് വികാരങ്ങൾ നിറയുകയാണ്. സുന്ദരിയായ ഒരു പെൺകുട്ടിയുടെ അമ്മയായിട്ടുള്ള 13 വർഷത്തെ എൻ്റെ യാത്രയ്ക്കൊപ്പം, കാഞ്ചീവരം ഡോട്ട് ഇൻ എന്ന എന്റെ രണ്ടാമത്തെ കുട്ടിയുടെ കൊച്ചി എഡിഷന് രണ്ട് വർഷവും തികയുന്നു. ഈ യാത്രയിൽ എൻ്റെ മനസ് നിറച്ച ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
എന്റെ ഈ ജീവിതത്തിൽ ചില ആളുകളെ സമ്മാനിച്ചതിന് നന്ദിയുണ്ട്. എന്റെ മകൾക്ക് ഞാൻ നല്ല ഒരു അമ്മയോ, എന്റെ സംരംഭത്തിന് ഞാൻ നല്ല ഒരു ഉടമയോ ആയിരിക്കില്ല. പക്ഷേ എന്റെ ജീവിതത്തിലേക്ക് വന്ന ആ ആളുകൾ എന്റെ പോരായ്മകൾ അംഗീകരിക്കുകയും, ഉയരേക്കു പറക്കാൻ എന്നെ പ്രേരിപ്പിച്ച് എനിക്കൊപ്പം പാറപോലെ ഉറച്ചുനിൽക്കുകയും ചെയ്തു. സംരംഭക എന്ന നിലയിലുള്ള എൻ്റെ പുതിയ തുടക്കവും, മാതൃത്വത്തിലെ പുതിയ യാത്രയുടെ തുടക്കവുമാണ് ഇന്ന് . ടീനേജ് പെൺകുട്ടിയുടെ അമ്മ എന്നത് ചെറിയ കാര്യമല്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ. ജീവിതത്തിന്റെ ഈ പുതിയ ഘട്ടത്തിൽ എന്തൊക്കെയാണോ സംഭവിക്കാൻ പോകുന്നത് അതിന് ഞാൻ തയ്യാറായി നിൽക്കുകയാണ്. എന്റെ കുഞ്ഞിന് നല്ലൊരു ടീനേജ് കാലം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. രണ്ടാമത്തെ കുട്ടിയായ കാഞ്ചീവരത്തിനും ആശംസകൾ." ഇങ്ങനെയാണ് ആര്യ പങ്കുവച്ച കുറിപ്പ്.
ഇതിനോടകം തന്നെ നിരവധി സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവിലൂടെയാണ് ആര്യ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാകുന്നത്. തുടക്കകാലത്ത് സീരിയലുകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്. ബിഗ്‌ബോസിലേക്കെത്തിയതിനു ശേഷമാണ് താരത്തിന് നേരെ സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നത്. എന്നാൽ പലപ്പോഴും എല്ലാത്തിനെയും കരുത്തോടെ നേരിടാനും അഭിപ്രായങ്ങൾ തുറന്നുപറയാനും താരം മടി കാണിക്കാറില്ല.
ഇപ്പോൾ വീണ്ടും സൗബിൻ , മമത പ്രമോദ് എന്നിവർ നായികാനായകന്മാരെയെത്തുന്ന ബോബൻ സാമുവലിന്റെ സംവിധാനത്തിലൊരുങ്ങുന്ന"മച്ചാന്റെ മാലാഖ' എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ വീണ്ടും സജീവമാകുകയാണ് ആര്യ.