IFFI ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഉൽഘാടന ചിത്രം 'വീർ സവർക്കർ'
ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന മേള നവംബർ 20ന് ഗോവയിൽ ആരംഭിക്കും.
ഗോവയിൽ നടക്കാനിരിക്കുന്ന ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഓപ്പണിംഗ് ഫീച്ചർ ഫിലിമായി വി ഡി സവർക്കറുടെ ജീവിതകഥയായ സ്വാതന്ത്ര്യ വീർ സവർക്കർ അവതരിപ്പിക്കും. നായകനായ രൺദീപ് ഹൂഡ സംവിധാനം ചെയ്ത ഈ ചിത്രം,ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത 25 ഫീച്ചർ ചിത്രങ്ങളിൽ ഒന്നാണ്.
പ്രശസ്ത സംവിധായകനും നടനും തിരക്കഥാകൃത്തുമായ ഡോ.ചന്ദ്രപ്രകാശ് ദ്വിവേദിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് ഫീച്ചർ വിഭാഗത്തിലേക്ക് ചിത്രങ്ങൾ തിരഞ്ഞെടുത്തത്. തിരഞ്ഞെടുത്ത ഫീച്ചർ ഫിലിമുകളിൽ മഞ്ഞുമേൽ ബോയ്സ്, ബ്രഹ്മയുഗം,ആടുജീവിതം ,ലെവൽ ക്രോസ്സ് എന്നീ നാല് മലയാള ചിത്രങ്ങൾ ഉണ്ട്. തമിഴിൽ നിന്ന് കാർത്തിക് സുബ്ബരാജ് സംവിധനത്തിൽ വന്ന ജിഗർതണ്ട ഡബിൾ എക്സ്, തെലുങ്ക് ചിത്രം ചിന്ന കഥ കാട്, കൽക്കി 2898 എഡി തുടങ്ങിയ പ്രാദേശിക സിനിമകളിൽ നിന്നുള്ള സിനിമകളും പ്രദർശിപ്പിക്കും. കന്നഡ സിനിമയെ പ്രതിനിധീകരിക്കുന്നത് വെങ്ക്യ, കേരെബെറ്റെ എന്നീ രണ്ട് ചിത്രങ്ങളാണ്.
ഫീച്ചർ ഫിലിമുകൾക്കൊപ്പം 262 നോമിനേഷനുകളിൽ നിന്ന് തിരഞ്ഞെടുത്ത 20 നോൺ ഫീച്ചർ സിനിമകളും പ്രദർശിപ്പിക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (എംഐബി) അറിയിച്ചു. ഡോക്യുമെൻ്ററികളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും സമകാലിക ഇന്ത്യൻ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന, നവാഗതരായ ചലച്ചിത്ര പ്രവർത്തകരുടെ പ്രവർത്തനങ്ങളെ നോൺ-ഫീച്ചർ പാക്കേജ് വിഭാഗങ്ങളിൽ ഉൾപ്പെടുത്തും . ഹർഷ് സംഗാനി സംവിധാനം ചെയ്ത ലഡാക്കി ചിത്രം "ഘർ ജൈസ കുച്ച്" ആണ് നോൺ ഫീച്ചർ വിഭാഗത്തിൽ പ്രേദര്ശിപ്പിക്കുന്ന ആദ്യ ചിത്രം . ഇന്ത്യൻ സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ പനോരമ 1978-ൽ ആണ് രൂപീകരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ വൈവിധ്യവും പ്രകടമാക്കുന്ന ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന മേള നവംബർ 20ന് ഗോവയിൽ ആരംഭിക്കും.