രാം ചരൺ ചിത്രം ഗെയിം ചേഞ്ചറിന്റെ നിർമ്മാതാവ് ദിൽ രാജുവിന് നേരെ ആദായ നികുതി റെയ്ഡ്
തെലുങ്ക് സിനിമയിലെ പല പ്രമുഖരുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിൽ ഉദ്യോഗസ്ഥർ അന്വേഷണം തുടരുന്നതിനിടെയാണ് റെയ്ഡുകൾ പുഷ്പ 2 നിർമ്മാതാക്കൾ മൈത്രി മൂവി മേക്കേഴ്‌സിൻ്റെ സ്വത്തുക്കളും പരിശോധനയിലാണ്.
രാം ചരൺ നായകനായ ഗെയിം ചേഞ്ചർ സിനിമയുടെ നിർമ്മാതാവ് ദിൽ രാജുവിന് നേരെ ആദായ നികുതി റെയ്ഡ്. ദിൽ രാജുവിന്റെ ഹൈദരാബാദിലെ സ്വത്തുക്കളിൽ ആണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. റിപ്പോർട്ട് പ്രകാരം ഇന്ന് പുലർച്ചെ മുതൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയായിരുന്നു.
തെലുങ്ക് സിനിമയിലെ പ്രശസ്ത നിർമ്മാതാക്കളുമായി ബന്ധപ്പെട്ട എട്ട് സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്.ബഞ്ചാര ഹിൽസ്, കൊണ്ടാപൂർ, ജൂബിലി ഹിൽസ്, ഗച്ചിബൗളി എന്നിവയുൾപ്പെടെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉള്ള നിർമ്മാതാക്കളുടെ സ്വത്തുക്കളിൽ റെയ്ഡ് നടക്കുന്നുണ്ട്. പുലർച്ചെ തന്നെ പ്രമുഖ നിർമ്മാതാക്കളുടെ വസതികളിൽ ഐടി ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു.ദിൽ രാജുവിൻ്റെ ഓഫീസുകളും വസതികളും ഉൾപ്പെടെയുള്ള സ്വത്തുക്കളാണ് ഇവർ സന്ദർശിച്ചത്. തെലങ്കാന ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ ചെയർമാനാണ് നിർമ്മാതാവ് ദിൽ രാജു.
ദിൽ രാജുവിനെ കൂടാതെ അദ്ദേഹത്തിൻ്റെ പങ്കാളിയും സഹ നിർമ്മാതാവുമായ സിരീഷിൻ്റെ വസതിയിലും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി.ദിൽ രാജുവിന്റെ മകൾ ഹൻസിത റെഡ്ഡിയുടെ വീട്ടിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി എന്നാണ് റിപ്പോർട്ട്. കൂടാതെ, പുഷ്പ 2 നിർമ്മാതാക്കൾ മൈത്രി മൂവി മേക്കേഴ്‌സിൻ്റെ സ്വത്തുക്കളും പരിശോധനയിലാണ്.
തെലുങ്ക് സിനിമയിലെ പല പ്രമുഖരുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിൽ ഉദ്യോഗസ്ഥർ അന്വേഷണം തുടരുന്നതിനിടെയാണ് റെയ്ഡുകൾ വ്യവസായത്തിൽ കോളിളക്കം സൃഷ്ടിച്ചത്. റെയ്ഡുകളുടെ ഫലത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെ നിർമ്മാണ കമ്പനിയുടെ ഉടമയാണ് ദിൽ രാജു. തെലുങ്ക് സിനിമയിലെ പ്രമുഖ നിർമ്മാതാവായ ദിൽ രാജു തമിഴ്, ഹിന്ദി സിനിമകളും നിർമ്മിച്ചിട്ടുണ്ട്.