വെബ്സൈറീസിലൂടെ ഇന്ത്യൻ സൈനികരെ അപമാനിച്ചു. ഏകതാ കപൂറിനെതിരെ അന്വേഷണം

ഇന്ത്യൻ സൈനികരെ അനാദരിച്ചതിന്റെ പേരിൽ സിനിമാ-ടെലിവിഷൻ നിർമ്മാതാവ് ഏക്താ കപൂറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഏക്താ കപൂർ തൻ്റെ വെബ് സീരീസുകളിലൊന്നിൽ ഇന്ത്യൻ സൈനികരെ അനാദരിച്ചുവെന്ന ക്രിമിനൽ പരാതി അന്വേഷിക്കാനാണ് ശനിയാഴ്ച മുംബൈ കോടതി ഉത്തരവിട്ടത്.
യൂട്യൂബർ വികാസ് പഥക്കാണ് ഏക്താകപൂറിനെതിരെ പരാതി നൽകിയത്. ഏക്താ കപൂറിന്റെ ഒടിടി പ്ലാറ്റ്‌ഫോം ആൾട്ട് ബാലാജി, മാതാപിതാക്കളായ ശോഭ, ജീതേന്ദ്ര കപൂർ എന്നിവരെയും പരാതിയിൽ പ്രതി ചേർത്തിട്ടുണ്ട്.
ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 202 പ്രകാരം മെയ് 9-നകം റിപ്പോർട്ട് സമർപ്പിക്കാനാണ് ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതി പോലീസിനോട് നിർദ്ദേശിച്ചിരിക്കുന്നത്.
‘ഹിന്ദുസ്ഥാനി ഭൗ’ എന്നറിയപ്പെടുന്ന യൂട്യൂബർ വികാസ് പഥക് ആണ് പരാതി നൽകിയത്.
അഭിഭാഷകനായ അലി കാഷിഫ് ഖാൻ ദേശ്മുഖ് മുഖേന സമർപ്പിച്ച പരാതിയിൽ , ആൾട്ട് ബാലാജിയിലെ ഒരു വെബ് സീരീസിൽ അതിൻ്റെ ഒരു എപ്പിസോഡിൽ "അവിഹിത ലൈംഗികതയിൽ" ഉൾപ്പെട്ട ഒരു സൈനിക ഉദ്യോഗസ്ഥനെ ചിത്രീകരിച്ചിരുന്നു എന്നാണ് പഥക് ആരോപിക്കുന്നത്. 2020 മെയ് മാസത്തിലാണ് താൻ ഈ രംഗം കണ്ടതെന്ന് പഥക് അവകാശപ്പെട്ടു.
ഇന്ത്യൻ ആർമി സൈനിക യൂണിഫോം ദേശീയ ചിഹ്നത്തോടൊപ്പം അവിഹിത ലൈംഗികതയിൽ ചിത്രീകരിച്ച് നമ്മുടെ രാജ്യത്തിൻ്റെ അന്തസ്സും അഭിമാനവും മോശമാക്കുകയാണെന്ന് പരാതിക്കാരൻ പറയുന്നു.
'ഹിന്ദുസ്ഥാനി ഭൗ' എന്നറിയപ്പെടുന്ന വികാസ് പതക്, യൂട്യൂബ് വിഡിയോകളിലൂടെയാണ് ജനശ്രദ്ധ നേടിയത്. പലപ്പോഴും അധിക്ഷേപകരമായ ഭാഷയിലുള്ള ശൈലി പ്രശസ്തിക്കൊപ്പം വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. താനെ ആസ്ഥാനമായുള്ള ഒരു പ്രാദേശിക പത്രത്തിൻ്റെ മുൻ ക്രൈം റിപ്പോർട്ടറായി ജോലി ചെയ്ത വ്യക്തിയാണ് വികാസ് പഥക്.
റിയാലിറ്റി ടിവി ഷോ ബിഗ് ബോസിൻ്റെ 2019 സീസണിൽ പഥക് പങ്കെടുത്തിരുന്നു. 2021 മെയ് മാസത്തിൽ, കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് വിദ്യാർത്ഥികളുടെ പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിവാജി പാർക്കിൽ പ്രതിഷേധ പ്രകടനം നടത്തിയതിന് അന്ന് മുംബൈ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.