തമിഴ് സിനിമയുടെ പൈതൃകത്തെ അപമാനിക്കുന്നു ; ടൈറ്റിൽ വിവാദത്തിൽ 'എസ്‌കെ 25'

ശിവകാർത്തികേയനും രവി മോഹനും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'എസ്‌കെ 25'.സുധ കൊങ്ങര സംവിധാനം ചെയുന്ന ചിത്രം ശിവകാർത്തികേയന്റെ 25 മത് ചിത്രം കൂടെയാണ്. പ്രഖ്യാപനം മുതൽ പല രീതിയിലുള്ള സംസാരങ്ങളുടെ ഭാഗമായ ചിത്രം ഇപ്പോൾ ചിത്രത്തിന്റെ പേരിൽ കൂടുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്. 'പരാശക്തി' എന്ന പേരിലാണ് ശ്രദ്ധ നേടിയത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകർ ആവേശത്തിലായിരിക്കെ, തലക്കെട്ട് ഇതിനകം തന്നെ വിവാദങ്ങൾക്ക് ഇടയിലാണ്.
1952-ൽ പുറത്തിറങ്ങിയ ശിവാജി ഗണേശൻ നായകനായ പരാശക്തി എന്ന ചിത്രത്തിന്റെ അതെ പേര് തന്നെ ഈ ചിത്രത്തിനും വന്നതാണ് വിവാദങ്ങൾക്ക് കാരണമായത്.
ചിത്രത്തിന് ഈ ടൈറ്റിൽ ഉപയോഗിക്കുന്നതിനെതിരെ ശിവാജി സോഷ്യൽ വെൽഫെയർ അസോസിയേഷൻ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. തമിഴ് സിനിമയിൽ പരാശക്തിക്ക് ചരിത്രപരവും സാംസ്കാരികവുമായ വലിയ പ്രാധാന്യമുണ്ടെന്ന് അസോസിയേഷൻ അവരുടെ പ്രസ്താവനയിൽ സൂചിപ്പിച്ചു. ശിവാജി ഗണേശൻ അഭിനയിച്ച 1952 ലെ ക്ലാസിക് ഒരു സിനിമ മാത്രമല്ല, തമിഴ് സിനിമ വ്യവസായത്തെ പുനർനിർമ്മിച്ച ഒരു നാഴികക്കല്ലാണെന്ന് അവർ അഭിപ്രായപ്പെട്ടു. ടൈറ്റിൽ വീണ്ടും ഉപയോഗിക്കുന്നത് അതിൻ്റെ പാരമ്പര്യത്തെ ദുർബലപ്പെടുത്തുമെന്ന് അസോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചു.
സിനിമയുടെ നിർമ്മാതാക്കളോട് പുനരാലോചന നടത്തി ചിത്രത്തിന്റെ പേര് മാറ്റണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. തങ്ങളുടെ അപ്പീൽ അവഗണിച്ചാൽ പ്രതിഷേധം തുടങ്ങുമെന്ന് അവർ അവകാശപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. അതെ തലക്കെട്ട് ഉപയോഗിക്കുന്നത് തമിഴ് സിനിമയുടെ പൈതൃകത്തെ അപമാനിക്കുക മാത്രമല്ല, ലോകമെമ്പാടുമുള്ള ശിവാജി ഗണേശൻ്റെ ആരാധകരെ നിരാശരാക്കുമെന്നും അവർ ഊന്നിപ്പറഞ്ഞു.
SK25 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവിൽ നടക്കുകയാണ്. ഡോൺ പിക്‌ചേഴ്‌സും റെഡ് ജയൻ്റ് മൂവീസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം ശിവകാർത്തികേയൻ്റെ 25-ാം പ്രോജക്ടാണ്. ശിവകാർത്തികേയനൊപ്പം രവി മോഹൻ, ശ്രീലീല, അഥർവ എന്നിവരും അഭിനയിക്കുന്നു.