ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കില്ല സ്‌നേഹത്തിന്റെ പ്രതീകമാണം; ശ്രുതിക്കായി മമ്മുട്ടിയുടെ സ്‌നേഹ സമ്മാനം
സമൂഹവിവാഹത്തില്‍ അതിഥിയായി എത്തിയ മമ്മൂട്ടിയില്‍ നിന്നും സ്നേഹ സമ്മാനം സ്വീകരിച്ച് ശ്രുതി. കൊച്ചിയില്‍ ട്രൂത്ത് മാംഗല്യം എന്ന പേരില്‍ നടത്തിയ സമൂഹ വിവാഹത്തില്‍ നടക്കാനിരുന്ന ചടങ്ങായിരുന്നു ശ്രുതിയുടെയും ജെന്‍സന്റെയും വിവാഹം. വിവാഹത്തിന് തയാറെടുക്കവെയായിരുന്നു കാര്‍ അപകടത്തില്‍ ജെന്‍സണ്‍ ശ്രുതിയോട് യാത്ര പറഞ്ഞത്.
ഈ ചടങ്ങിലേക്ക് ശ്രുതിയെ വിളിക്കണമെന്നും ഇരുവര്‍ക്കുമായി കരുതിവച്ച സമ്മാനങ്ങള്‍ നല്‍കണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ശ്രുതി വിവാഹചടങ്ങളില്‍ പങ്കെടുത്തത്. സമൂഹവിവാഹ ദിവസം ചടങ്ങിനത്തിയ മമ്മൂട്ടി ആ സമ്മാനം ശ്രുതിയെ നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ മമ്മൂട്ടിയുടെ പിആര്‍ഒ റോബേര്‍ട്ട് കുര്യാക്കോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
റോബര്‍ട്ട് കുര്യാക്കോസിന്റെ കുറിപ്പ്:
‘ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്‌നേഹത്തിന്റെ പ്രതീകം’ ട്രൂത്ത് ഗ്രൂപ്പിന്റെ ചെയര്‍മാനും മമ്മൂക്കയുടെ സുഹൃത്തുമായ സമദിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയായ ”ട്രൂത്ത് മാംഗല്യം” വേദിയില്‍ വച്ച് ശ്രുതിയെ ചേര്‍ത്തു നിര്‍ത്തി മമ്മൂക്ക പറഞത് ഇങ്ങനെ ആയിരുന്നു.
40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന ഈ സമൂഹവിവാഹ ചടങ്ങില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെന്‍സന്റെയും ആയിരുന്നു. വയനാട് ദുരന്തത്തില്‍ ഉറ്റവര്‍ നഷ്ടമായ ശ്രുതിയുടെയും ജെന്‍സന്റെയും കഥ അറിഞ്ഞപ്പോള്‍ തന്നെ മമ്മൂക്ക സമദിനോട് ശ്രുതിയുടെ വിവാഹം ഈ വേദിയില്‍ വച്ച് നടത്താന്‍ നിര്‍ദേശിച്ചിരുന്നു. അതിനായി വേണ്ടുന്നതെല്ലാം അന്ന് തന്നെ മമ്മൂക്ക സമദിന് കൈമാറിയിരുന്നു.
തുടര്‍ന്ന് വിവാഹത്തിന് തയ്യാറാവുമ്പോഴാണ് അപ്രതീക്ഷിതമായി കാറപകടത്തില്‍ ജെന്‍സണ്‍ ശ്രുതിയെ വിട്ടുപോയത്. എങ്കിലും ഈ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെയും വിളിക്കണമെന്നും, അവര്‍ക്കായി കരുതിവെച്ചതെല്ലാം ശ്രുതിയെ നേരിട്ട് ഏല്‍പ്പിക്കണമെന്നും മമ്മൂക്ക ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് സമദിന്റെ ക്ഷണം സ്വീകരിച്ച ശ്രുതി വിവാഹ ചടങ്ങിലെ മറ്റു വധുവരന്‍മാര്‍ക്കായുള്ള ആശംസകളുമായി എത്തി. ശ്രുതിക്കും ജെന്‍സനുമായി കരുതിവെച്ച ആ തുക മമ്മൂക്ക തന്നെ കൈ മാറണം എന്ന സമദിന്റെ അഭ്യര്‍ത്ഥന മമ്മൂക്കയും സ്വീകരിച്ചപ്പോള്‍, ശ്രുതിയുടെ കണ്ണും മനസും ഒരുപോലെ ഈറനണിയുന്നുണ്ടായിരുന്നു!