ഇത് എവർഗ്രീൻ കോംബോയുടെ പുനഃസംഗമം; തരംഗമായി 'തുടരും' ചിത്രത്തിലെ പോസ്റ്റർ!

1987ൽ പുറത്തിറങ്ങിയ 'നാടോടിക്കാറ്റ്' എന്ന ചിത്രത്തിലെ ഒരു രംഗം ഓർമ്മപ്പെടുന്ന തരത്തിലാണ് പോസ്റ്റർ വൈറാലാകുന്നത്

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രമാണ് 'തുടരും'.മോഹൻലാലിന്റെ സിനിമ ജീവിതത്തിലെ 360-മത്തെ ചിത്രം കൂടിയായണിത്. കൂടാതെ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ജോഡികളായ മോഹൻലാൽ - ശോഭന 15 വർഷത്തിന് ശേഷം ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. സിനിമ പ്രേമികൾ ഒന്നടങ്കം ഏറെ സന്തോഷിച്ച ഈ വാർത്തയ്ക്കു പിന്നാലെ ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തിറക്കിയ ഇരുവരുടെയും ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററും വൈറൽ ആകുകയാണ്. മോഹൻലാലും ശോഭനയും തങ്ങളുടെ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. 'എവർഗ്രീൻ' കോംബോ എന്ന് അഭിസംബോധന ചെയ്ത പോസ്റ്റർ തരംഗമാവുകയാണ്. മോഹൻലാൽ-ശോഭന കോംബോയിൽ വന്ന് 1987ൽ പുറത്തിറങ്ങിയ 'നാടോടിക്കാറ്റ്' എന്ന ചിത്രത്തിലെ ഒരു രംഗം ഓർമ്മപ്പെടുന്ന തരത്തിലാണ് പോസ്റ്റർ വൈറാലാകുന്നത്. ചിത്രത്തിലെ 'വൈശാഖ സന്ധ്യേ' എന്ന മലയാളികളുടെ പ്രിയപ്പെട്ട പ്രണയഗാനത്തിലെ ഐകോണിക് രംഗമായ ഇരുവരും ചായകുടിക്കുന്ന സീനുമായി താരതമ്യം ചെയ്താണ് പോസ്റ്റർ ശ്രദ്ധ നേടുന്നത്. 'പുനഃ സംഗമം' എന്നാണ് ആരാധകർ പോസ്റ്ററിന് നൽകുന്ന കമന്റ്.

ചിത്രത്തിനായുള്ള ഡബ്ബിങ് നേരത്തെ മോഹൻലാൽ പൂർത്തിയാക്കിയിരുന്നു. ചിത്രത്തിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയുടെ വേഷത്തിലാണ് ശോഭന അഭിനയിക്കുന്നത്. ഇവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് 'തുടരും' എന്ന ചിത്രത്തിലൂടെ തരുൺ മൂർത്തി ഒരുക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.കെ ആർ സുനിലിന്റെ കഥയ്ക്ക് തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.രജപുത്ര ഫിലിംസിന്റെ ബാനറിൽ എം രഞ്ജിത്തതാണ് ചിത്രം നിർമ്മിക്കുന്നത്.

Related Articles
Next Story