ജയിലർ 2 പ്രോമോ ഷൂട്ട് ഡിസംബറിൽ ; സൂപ്പർ സ്റ്റാറിന്റെ പിറന്നാളിൽ അപ്ഡേറ്റ് എത്തും
രജനികാന്ത് നായകനായി 2023ൽ തമിഴ് നാട്ടിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ചിത്രമാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം,രജനി കാന്തിനൊപ്പമുള്ള സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു. ചിത്രത്തിൽ മലയാളത്തിൽ നിന്ന് മോഹൻലാലും, കന്നടയിൽ നിന്നും ശിവരാജ് കുമാറും അഥിതി വേഷത്തിൽ എത്തിയിരുന്നു. വിനായകനായിരുന്നു ചിത്രത്തിലെ വില്ലൻ വേഷത്തിൽ എത്തിയത്. ഹിറ്റ് സംഗീത സംവിധായകൻ അനിരുദ്ധിന്റെ ചിത്രത്തിലെ സംഗീതവും വലിയ ഓളം സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം, ജയിലർ 2 എത്തുമെന്ന് സംവിധായകൻ നെൽസൺ അറിയിച്ചിരുന്നു.
ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ തുടങ്ങുകയാണെന്നു അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബറിൽ ഉണ്ടാകും.റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ പ്രോമോ ഉൾപ്പെടെയുള്ള വീഡിയോ ഡിസംബർ 12 നു സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചു നടക്കും. ഡിസംബർ 5നു ചെന്നൈ വെച്ച് ജയിലർ 2 ന്റെ പ്രോമോയുടെ ചിത്രീകരണം നടക്കും. ഇതിനോടൊപ്പം തന്നെ ചിത്രത്തിലെ മറ്റു അഭിനേതാക്കളുടെ ലൂക്ക് ടെസ്റ്റും , ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷൂട്ടും നടത്തും എന്നാണ് റിപ്പോർട്ടുകൾ. രജനി കാന്ത് എപ്പോൾ ലോകേഷ് കനകരാജ് ചിത്രമായ കൂലിയുടെ ചിത്രീകരണ തിരക്കുകളിൽ ആണ് . ഇതിനു ശേഷം മാത്രമായിരിക്കും ജെയ്ലർ 2 ന്റെ ചിത്രീകരണം ആരംഭിക്കുക.