‘റാം’ എന്തായെന്ന് ചോദ്യം; നിർമാതാവ് പറയട്ടെ എന്ന് ജീത്തു ജോസഫ്
jithu joseph about ram movie
‘റാം’ സിനിമ നീണ്ടുപോകുന്നതുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരണവുമായി ജീത്തു ജോസഫ്. സിനിമയുടെ അപ്ഡേറ്റുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടത് ചിത്രത്തിന്റെ നിർമാതാവാണെന്ന് ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.
‘‘റാം സിനിമയുടെ ചോദ്യം ഇനി എന്നോടല്ല ചോദിക്കേണ്ടത്, അതിനി നിര്‍മാതാവിനോടാണ് ചോദിക്കേണ്ടത്. ഞാനും ലാലേട്ടനും സിനിമയുടെ മുഴുവൻ അണിയറക്കാരും നിർമാതാവിന്റെ ഒരു തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണ്. അദ്ദേഹത്തോട് ചോദിക്കുക, ഞങ്ങൾ റെഡിയാണ്.’’–ജീത്തു ജോസഫ് പറഞ്ഞു .
അഭിഷേക് ഫിലിംസ് ഉടമ രമേഷ് പി പിള്ളയാണ് റാമിന്റെ നിർമാണം. തെന്നിന്ത്യൻ താരം തൃഷയാണ് ചിത്രത്തിൽ നായിക. സിനിമയിൽ വ്യത്യസ്ത ലൂക്ക്കളിലാണ് മോഹൻലാൽ എത്തുന്നത്. തന്‍റെ ജീവിതത്തിലിന്നോളം ചെയ്തിട്ടുളളതില്‍ ഏറ്റവും ചെലവേറിയ സിനിമയാണെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. എറണാകുളം , ധനുഷ്കോടി, ഡല്‍ഹി, ഉസ്ബെക്കിസ്ഥാൻ, കെയ്റോ, ലണ്ടൻ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.
സിനിമയുടെ ആദ്യഘട്ട ചിത്രീകരണം 2020 തുടക്കത്തിൽ കൊച്ചിയിൽ തുടങ്ങിയിരുന്നു. വിദേശ രാജ്യങ്ങൾ പ്രധാന ലൊക്കേഷനായതിനാൽ കോവിഡ് വ്യാപനത്തോടെ ചിത്രീകരണം പൂർണമായും നിർത്തിവയ്‌ക്കേണ്ടി വന്നു. പിന്നീട് 2022ൽ ചിത്രീകരണം വീണ്ടും തുടങ്ങിയെങ്കിലും അതും ഇടയ്ക്കു വച്ചു നിർത്തേണ്ടി വന്നു. ഇന്ദ്രജിത്ത്, സുരേഷ് മേനോൻ, സിദ്ദിഖ്, ദുർഗ കൃഷ്ണ, ആദിൽ ഹുസൈൻ, ചന്തുനാഥ് എന്നിവരാണ് മറ്റുതാരങ്ങൾ. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്. വിനായക്. സംഗീതം വിഷ്ണു ശ്യാം.