'മരണമാണ് നിങ്ങൾ വിൽക്കുന്നത്'; താരങ്ങൾക്കിടയിലെ പാൻ മസാല ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ജോൺ എബ്രഹാം
john abraham reaction about stars endorsing paan masala
ബോളിവുഡ് താരങ്ങൾ പാൻ മസാല ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ നടൻ ജോൺ എബ്രഹാം രംഗത്ത്. തന്റെ സഹപ്രവർത്തകരായ താരങ്ങളെ താൻ ഏറെ സ്നേഹിക്കുന്നുവെന്നും എന്നാൽ ഒരിക്കലും പാൻമസാല ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും ജോൺ പറഞ്ഞു. താനൊരിക്കലും ആളുകളുടെ ജീവിതംവെച്ച് കളിക്കില്ലെന്നും താരം പറഞ്ഞു. ദ രൺവീർ ഷോ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുകയിലയല്ല 'ഏലക്ക'യാണ് വിൽക്കുന്നതെന്ന് പറയുന്ന നടന്മാരെ തനിക്ക് ഒരിക്കലും മനസ്സിലാകില്ലെന്നും താരം പറഞ്ഞു. നിങ്ങൾ മരണം വിൽക്കുകയാണ്, നിങ്ങൾക്ക് എങ്ങനെ ജീവിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. യഥാർത്ഥ ജീവിതത്തിൽ താനെങ്ങനെയാണോ അതുപോലെയായിരിക്കും ആളുകളോടും പെരുമാറുകയെന്ന് ജോൺ എബ്രഹാം കൂട്ടിച്ചേർത്തു.
പുകയില ഉത്പ്പന്നങ്ങൾക്ക് പരസ്യം ചെയ്തിട്ട് ആരോഗ്യപരമായ ജീവിതം നയിക്കാൻ പറയുന്ന മറ്റ് താരങ്ങളെപ്പോലെയാകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായി ജീവിക്കുകയും പറയുന്നത് മാത്രം പ്രവർത്തിക്കുകയും ചെയ്താൽ തന്നെ ഒരു റോൾമോഡലെന്ന് വിളിക്കാം. എന്നാൽ ജനങ്ങൾക്ക് മുന്നിൽ ഒന്നുപ്രവർത്തിച്ചിട്ട് അവരെ കാണാതെ മറ്റൊന്ന് ചെയ്താൽ അവരത് കണ്ടെത്തുമെന്നും ജോൺ എബ്രഹാം പറഞ്ഞു.
"ആളുകൾ ഫിറ്റ്നസിനേക്കുറിച്ച് വാതോരാതെ സംസാരിക്കും. ഇതേയാളുകൾ തന്നെ പാൻ മസാലയെ പ്രോത്സാഹിപ്പിക്കും. ഞാൻ എന്റെ സഹപ്രവർത്തകരായ നടന്മാരെ ഇഷ്ടപ്പെടുന്നു. ഞാൻ അവരിൽ ഒരാളെപ്പോലും അപമാനിക്കുകയല്ല. എന്നെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത് എന്നെനിക്ക് ഉറപ്പാക്കേണ്ടതുണ്ട്. ഞാനൊരിക്കലും മരണം വിൽക്കില്ല. പാൻ-മസാല വ്യവസായത്തിൻ്റെ വാർഷിക വിറ്റുവരവ് 45,000 കോടി രൂപയാണെന്ന് നിങ്ങൾക്കറിയാമോ? അതിനർത്ഥം സർക്കാർ പോലും അതിനെ പിന്തുണയ്ക്കുന്നു എന്നാണ്. അതുകൊണ്ടാണ് ഇത് നിയമവിരുദ്ധമല്ലാത്തത്." ജോൺ എബ്രഹാം പറഞ്ഞു.