വ്യായാമത്തിനിടെ ജൂനിയർ എൻടിആറിന് പരിക്ക്; ഊഹാപോഹങ്ങൾ തള്ളിക്കളയണമെന്ന് അഭ്യർഥന
jr ntr wrist injury
വ്യായാമം ചെയ്യുന്നതിനിടെ നടൻ ജൂനിയർ എൻ.ടി.ആറിന് പരിക്ക്. ഇടത് കണങ്കൈയ്ക്കാണ് പരിക്കേറ്റത്. പുതിയ ചിത്രമായ ദേവര: പാർട്ട്-1 ന്റെ ചിത്രീകരണം പൂർത്തിയാക്കിയതിനുപിന്നാലെയാണ് എൻ.ടി.ആറിന് പരിക്കേറ്റത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ടീം പ്രസ്താവനയിറക്കി.
ജിമ്മിൽ വ്യായാമംചെയ്യുന്നതിനിടെ ജൂനിയർ എൻ.ടി.ആറിന്റെ കൈക്ക് ചെറിയൊരു പരിക്കുപറ്റിയെന്ന് കുറിപ്പിൽ പറയുന്നു. ഒരു കാസ്റ്റ് ഉപയോഗിച്ച് അദ്ദേഹത്തിന്റെ കൈ കെട്ടിവെച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രി ജൂനിയർ എൻ.ടി.ആർ ദേവരയുടെ ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നു. താരം സുഖം പ്രാപിച്ചുവരികയാണ്. പരിക്ക് ഭേദമായി അദ്ദേഹം വൈകാതെ തന്നെ തിരിച്ചെത്തും. പരിക്കുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ ആരും വിശ്വസിക്കരുതെന്നും അവ തള്ളിക്കളയണമെന്നും അവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രസ്തവാനയ്‌ക്കൊപ്പം ജൂനിയർ എൻ.ടി.ആറിന്റെ കൈയുടെ ചിത്രവും അവർ പങ്കുവെച്ചിട്ടുണ്ട്. കൊരട്ടാല ശിവയും എൻ.ടി.ആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രമാണ് ദേവര. ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന ചിത്രത്തിൽ വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമൂരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.