'കാട്ടാളൻ' ഒരു വയലൻസ് ചിത്രമല്ല, വേണ്ട മാറ്റങ്ങൾ വരുത്താൻ നിർദേശം നൽകി: നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്

കേരളത്തിൽ നടക്കുന്ന ആക്രമണങ്ങളും മലയാളസിനിമയിലെ വയലൻസും തമ്മിൽ എന്താണ് ബന്ധം. ഈ അടുത്തായി കേരളത്തിൽ നടക്കുന്ന ആക്രമണങ്ങളിലും കൊലപാതകങ്ങളും 18 വയസ്സിന് താഴെയുള്ള കുട്ടികൾ പ്രതികളാകുന്ന സംഭവങ്ങൾ കൂടി വരികയാണ്. കേരളത്തിന്റെ ഭാവിയും വർത്തമാനവും എത്രമാത്രം അപകടാവസ്ഥയിലാണ് എന്ന് ഈ സംഭവങ്ങൾ അടിവരയിടുന്നുണ്ട്. ഇതിനെല്ലാം കാരണം മലയാള സിനിമയിലെ വയലൻസാണെന്ന് പറയുമ്പോൾ അതിൽ എത്രമാത്രം സാധ്യതയുണ്ട്? ഈ അടുത്തായി മലയാളത്തിലിറങ്ങിയ ഉണ്ണിമുകുന്ദൻ നായകനായ ചിത്രം മാർക്കോക്ക് നേരെയാണ് സമൂഹത്തിന്റെ വിരൽ ചൂണ്ടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും അധികം വയലൻസ് ഉള്ള പടം എന്ന ലേബലിൽ ഇറങ്ങിയ ചിത്രത്തിലെ വയലൻസ് രംഗങ്ങളാണ് കുട്ടികൾ ഇത്രയേറെ ക്രൂരമായി പെരുമാറുന്നതെന്ന് ആരോപണങ്ങളുയരുമ്പോൾ ഇപ്പൊ അതെ സിനിമയുടെ നിർമ്മാതാവ് ശരീഫ് മുഹമ്മദ് വീണ്ടുമൊരു വയലൻസ് സിനിമയുമായി എത്തുകയാണ്. 'കാട്ടാളൻ' എന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം സിനിമയിലെ വയലൻസിനെ കുറിച്ചും ചർച്ചകൾ മുറുകുകയാണ്.
അതേതുടർന്ന് കാട്ടാളൻ എന്ന സിനിമയെക്കുറിച്ചും മാർക്കോയിലെ വയലൻസിനെക്കുറിച്ചും പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്. കാട്ടാളൻ ഒരു ആക്ഷൻ ത്രില്ലർ സിനിമയാണെന്നും ഒരിക്കലും വയലൻസിനെ മഹത്വവൽക്കരിക്കുന്നതോ പ്രചരിപ്പിക്കുന്നതോ ആയ തരത്തിലുള്ള സിനിമ ആയിരിക്കില്ല എന്നുമാണ് അദ്ദേഹം ഉറപ്പ് പറയുന്നത്. കഥയുടെ സ്വഭാവം ഗൗരവം നിലനിർത്തുന്നതാണെന്നും ആക്ഷൻ ത്രില്ലർ സിനിമയുടെ സ്വഭാവത്തിലേക്ക് പരിണാമപ്പെടുന്നതിനു വേണ്ടി മാത്രം അനുയോജ്യമായ ദൃശ്യങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം ഒരു പ്രത്യേക വിഭാഗം ഓഡിയൻസിനെ മാത്രം മുന്നിൽ കാണാതെ എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ കണ്ടാസ്വദിക്കാൻ സാധിക്കുന്ന വിധത്തിലാകും ചിത്രം ഒരുക്കുന്നതെന്നും പറയുന്നു.
"സെൻസർ ബോർഡിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് തന്നെ ആണ് മാർക്കോ റിലീസിന് എത്തിയത്. അതിനാൽ തന്നെ നിയമാനുസൃതമായി ഒരുപാട് രംഗങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വീണ്ടും വിമർശനങ്ങൾ വരുന്നതിന് ആശ്ചര്യത്തോടെ തന്നെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.
"നമ്മൾ കണ്ടിട്ടുള്ള അനേകം വയലൻസ് സിനിമകളിൽ ഒന്നുമാത്രമാണ് മാർക്കോ. സമീപകാലത്ത് ഇറങ്ങിയത് കൊണ്ടാണ് മാർക്കോയെ ചർച്ചാവിഷയം ആക്കുന്നത്. സിനിമയിൽ കാണിച്ചിരിക്കുന്ന ഏതൊരു വയലൻസ് രംഗവും കഥയിലെ സന്ദർഭങ്ങളെ അടിസ്ഥാനമാക്കി ഉള്ളത് മാത്രം ആണ്. അവയെ യഥാർത്ഥ ജീവിത സാഹചര്യങ്ങളിലേക്ക് കൊണ്ടുവരുന്നത് തെറ്റായ പ്രവണതയാണെന്ന് അദ്ദേഹം വിമർശിക്കുന്നുണ്ട്. സിനിമയെ സിനിമയായി മാത്രം കാണാനുള്ള അറിവും ബോധവും നമുക്കെല്ലാവർക്കും ഉണ്ട് എന്ന് വിശ്വാസത്തിലാണ് സിനിമകൾ ലോകമെമ്പാടും നിർമ്മിക്കപ്പെടുന്നതെന്നും വളർന്നുവരുന്ന തലമുറയ്ക്കും ഈ തിരിച്ചറിവ് പകർന്നു കൊടുക്കേണ്ടത് നമ്മൾ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറയുന്നുണ്ട്.
കഥയുടെ ആവശ്യാനുസരണം വരുന്ന വയലൻസ് രംഗങ്ങൾ സംവിധായകന്റെയും എഴുത്തുകാരന്റെയും തലയിലുള്ള ആവിഷ്കാര സ്വാതന്ത്ര്യം മാനിച്ച് സിനിമയിൽ ഉൾപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. അല്ലാതെ വയലിൻസിനെ പ്രചരിപ്പിക്കുന്നതിന് വേണ്ടി മാത്രം സിനിമകൾ നിർമ്മിക്കപ്പെടുന്നില്ല. പ്രേക്ഷകർ ഇതുപോലെയുള്ള രംഗങ്ങൾ കാണുമ്പോൾ അത് സിനിമയെ സിനിമയായിട്ട് തന്നെ കണ്ടു മനസ്സിലാക്കും എന്ന് വിശ്വാസത്തിലാണ് അവ സമൂഹത്തിലേക്ക് എത്തിക്കുന്നതും. എന്നാൽ ഈ അടുത്ത് വരുന്ന ചർച്ചകളിൽ നിന്നും അത് അങ്ങനെയല്ല എന്നാണ് മനസ്സിലാക്കി വരുന്നത് അതിനാൽ സാമൂഹിക പ്രതിബദ്ധത മാനിച്ച് ഇനി നിർമ്മിക്കുന്ന ചിത്രങ്ങളിൽ അത്തരം രംഗങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കുന്നതാണെന്നും അതുകൊണ്ടുതന്നെ 'കാട്ടാളൻ' എന്ന സിനിമയിലും ഈ അവസരത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ അതിന്റെ സംവിധായകനോടും എഴുത്തുകാരനോടും നിർദ്ദേശങ്ങൾ കൊടുത്തു കഴിഞ്ഞെന്നും മുഹമ്മദ് ശരീഫ് പറയുന്നു. ഇതിനിടയിൽ മാർക്കോ ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി സെൻസർ ബോർഡ് നിഷേധിച്ചു. 'യു' അല്ലെങ്കിൽ 'യു എ' ക്യാറ്റഗറിയിലേക്ക് മാറ്റാൻ കഴിയാത്ത വിധത്തിൽ വയലൻസ് ചിത്രത്തിലുണ്ടെന്നാണ് വിലയിരുത്തൽ.കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം. ചിത്രത്തിൻറെ ഓ ടി ടി പ്രദർശനം തടയണമെന്നാവശ്യപ്പെട്ടും കേന്ദ്രസർക്കാരിന് കത്ത് അയച്ചിട്ടുണ്ട്.