വിവാദത്തിലായി കാന്താര -2. നാട്ടുകാരുമായി ഏറ്റുമുട്ടി അണിയറപ്രവർത്തകർ
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര-2. ഋഷഭ് ഷെട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്ത് നായകനായെത്തിയ ചിത്രത്തിൻറെ ഒന്നാം ഭാഗം വമ്പൻ വിജയമായിരുന്നു. ആഗോള തലത്തിലുള്ള റെക്കോർഡുകൾ ചിത്രം തിരുത്തിക്കുറിച്ചിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള പ്രേക്ഷകരുടെ ആകാംക്ഷയും കാത്തിരിപ്പും ചെറുതല്ല. കാന്താര എ ലെജൻഡ് ചാപ്റ്റർ -1 എന്നാണ് ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത് . 2025 ഒക്ടോബർ 2 ന് ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാലിപ്പോൾ പുതിയ വിവാദങ്ങൾക്ക് കുടപിടിക്കുകയാണ് ചിത്രത്തിൻറെ അണിയറപ്രവർത്തകർ. ചിത്രത്തിൻറെ ചിത്രീകരണത്തിനുവേണ്ടി കാടുനശിപ്പിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
കർണാടകയിലെ ഗവിഗുഡ വനമേഖലയിൽ നടക്കുന്ന ചിത്രത്തിൻറെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കാട് നശിപ്പിക്കുന്നു എന്ന ആരോപണവുമായി പ്രദേശവാസികളാണ് മുന്നോട്ടുവന്നിരിക്കുന്നത്. ഗ്രാമത്തിനകത്തുമാത്രം ചിത്രീകരിക്കാനാണ് അനുവദിച്ചിട്ടുള്ളതെങ്കിലും കാട്ടിനുള്ളിൽ കയറി ചിത്രീകരിക്കുകയും കാട് നശിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. കാട്ടിൽ സ്‌ഫോടക വസ്തു കത്തിക്കുന്നത് ചോദ്യം ചെയ്ത പ്രദേശവാസികളെ ഷൂട്ടിംഗ് നടത്തുകയായിരുന്ന പ്രവർത്തകർ മർദിച്ചു. ഇത് സെറ്റിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. സംഘർഷത്തെ തുടർന്ന് നാട്ടുകാരിൽ ചിലർക്ക് പരിക്കേറ്റിരുന്നു. ഇവരെ സക്ലേശ്പുരിയിലെ ക്രാഫോർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തിൽ യെസല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
പ്രേദേശത്തെ ജനങ്ങൾ നിലവിൽ കാട്ടാനശല്യമടക്കമുള്ള പ്രശ്നങ്ങൾ നേരിടുന്നവരാണ്. സിനിമ ഷൂട്ടിങ് ഇവിടെയുള്ള പക്ഷി മൃഗാതികളെ ദോഷമായി ബാധിച്ചിരിക്കുയാണെന്ന് പഞ്ചായത്ത് മെമ്പറായ സന്ന സ്വാമി പറയുന്നുത് .കാട്ടാനകളുടെ ആക്രമണത്തിൽ കർഷകർ ഇപ്പോൾ തന്നെ ബുദ്ധിമുട്ടുകയാണെന്നും വനം സംരക്ഷിക്കണമെന്നുളള സുപ്രീം കോടതി നിർദ്ദേശങ്ങളെ മറികടന്ന് സിനിമ പ്രവർത്തകർ വനം നശിപ്പിച്ചിട്ടും ഉദ്യോഗസ്ഥർ വേണ്ട നടപടികളെടുക്കുന്നില്ലെന്നും അദ്ദേഹം പരാതിപ്പെടുന്നു. നാട്ടുകാരുമായുണ്ടായ സംഘർഷത്തെകുറിച്ചോ നാട്ടുകാരുടെ ആരോപണങ്ങളോടോ പ്രതികരിക്കാൻ ചിത്രത്തിൻറെ പ്രവർത്തകരും ഋഷഭ് ഷെട്ടിയും ഇതുവരെയും തയ്യാറായിട്ടില്ല.
കഴിഞ്ഞ വർഷമാണ് കാന്താരയുടെ രണ്ടാം ഭാഗമായി 'കാന്താര എ ലെജൻഡ് ചാപ്റ്റർ 1'ന്റെ പ്രഖ്യാപനമുണ്ടാകുന്നത്. കഴിഞ്ഞ നവംബർ 18 നാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ ഹോംബാലെ ഫിലിംസ് പുറത്തുവിടുന്നത് . ഇവിടെയും തിരക്കഥ , സംവിധാനം, നായകവേഷം എന്നിവ കൈകാര്യം ചെയ്യുന്നത് ഋഷഭ് ഷെട്ടി തന്നെയാണ് . രണ്ടാം ഭാഗം ആണെങ്കിലും ആദ്യ ഭാഗത്തിനു മുന്നേ നടക്കുന്ന കഥയായിരിക്കും ചിത്രം പറയുന്നത്. ചിത്രം വൻ മുതൽമുടക്കിലാണ് നിർമ്മിക്കുന്നത്.