ഇതൊരു തിരിച്ചുവരവ്; സ്വയം മോഡലായി കാവ്യ
Kavya Madhavan
ദിലീപുമായുള്ള വിവാഹത്തിന് ശേഷം ക്യാമറ കണ്ണുകളിൽ നിന്നും അകന്ന് കഴിയുകയായിരുന്നു കാവ്യ മാധവൻ. ഒൻപത് വയസ്സ് മുതൽ ലൈം ലൈറ്റിൽ തന്നെയായിരുന്ന കാവ്യയെ വിവാഹത്തിന് ശേഷം എവിടെയും കാണാതിരുന്നത് ആരാധകർക്ക് നിരാശയായിരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ട് പോലും കാവ്യ ഡിആക്ടിവേറ്റ് ചെയ്തു. മഞ്ജുവിന്റെ അവസ്ഥ തന്നെയാണ് കാവ്യയ്ക്കും, ഇനി കാവ്യ ക്യാമറയുടെ വെട്ടത്ത് പോലും വരില്ല എന്നൊക്കെയുള്ള വിമർശനങ്ങൾ വന്നു തുടങ്ങിയത് അപ്പോഴാണ്.
വിവാഹ ശേഷം ഉണ്ടായ വിവാദങ്ങളും, വെല്ലുവിളി നിറഞ്ഞ അനുഭവങ്ങളുമാണ് കാവ്യയെ പൊതുജന മധ്യത്തിൽ നിന്ന് അകറ്റി നിർത്തിയത്. ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഒരുവിധം പത്തി താഴ്ത്തിയപ്പോൾ കാവ്യയും സജീവമായി തുടങ്ങി. ഇൻസ്റ്റഗ്രാമിൽ പുതിയ അംഗമായി ജോയിൻ ചെയ്തുകൊണ്ടായിരുന്നു തിരിച്ചുവരവ്. പിന്നീട് പൊതു പരിപാടികളിലും കല്യാണം പോലുള്ള ചടങ്ങുകളിലും കാവ്യ സജീവമായി.
ഇൻസ്റ്റഗ്രാമിൽ അംഗത്വം എടുത്തുവെങ്കിലും വല്ലപ്പോഴും മാത്രമാണ് കാവ്യ ഒരു ഫോട്ടോ പങ്കുവച്ചിരുന്നത്. എന്നാൽ ഇപ്പോൾ കുറച്ച് ദിവസങ്ങളായി തുടർച്ചയായി ഫോട്ടോകൾ പങ്കുവച്ചുകൊണ്ടിരിയ്ക്കുകയാണ്. കാവ്യ ഭംഗിയെ അത്രയധികം ഇഷ്ടപ്പെട്ടിരുന്ന ആരാധകർക്ക് ഓരോ ഫോട്ടോയും ആഘോഷം തന്നെ. എല്ലാ ചിത്രങ്ങൾക്ക് താഴെയും സ്‌നേഹം അറിയിച്ച് ആരാധകർ എത്തുന്നുണ്ട്.
ബിസിനസ്സുമായി ബന്ധപ്പെട്ടാണ് കാവ്യ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. ഓണത്തോട് അനുബന്ധിച്ച് കാവ്യയുടെ ലക്ഷ്യ എന്ന ഓൺലൈൻ വസ്ത്രവ്യാപാരത്തിന് കുറച്ചധികം കലക്ഷൻസ് വന്നിട്ടുണ്ട്. അതിന് സ്വയം മോഡലായി എത്തുന്നതാണ് കാവ്യ. ദിലീപിനെ വിവാഹം ചെയ്താൽ വെളിച്ചം കാണില്ല എന്ന് പറഞ്ഞവർക്കുള്ള മറുപടി കൂടെയാണ് ഇത് എന്ന് ആരാധകർ പറയുന്നു. അഭിനയത്തിൽ ഇല്ലന്നേയുള്ളൂ, കാവ്യ തന്റെ ബിസിനസ്സുമായി വിജയകരമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്.