മോഹൻലാലിന്റെ വില്ലനായി കിൽ ആക്ടർ രാഘവ്; വാർത്തകളിലെ സത്യമെന്ത് ?

സമീപകാലത്ത് ബോളിവുഡിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു കിൽ. നിഖിൽ നാഗേഷ് ഭട്ട് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഏറെ ചർച്ചയായിരുന്നു. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച രാഘവ് ജുയൽ മലയാളത്തിലേക്ക് എത്തുമെന്നും മോഹൻലാലിന്റെ വില്ലനായി അഭിനയിക്കുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. ആർഡിഎക്‌സിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ആദർശ് സുകുമാരന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിലായിരിക്കും ഇതെന്നുമായിരുന്നു പ്രചരിച്ച വാർത്ത.

എന്നാൽ പ്രചരിക്കുന്ന വാർത്തകളിലെ സത്യമല്ലെന്ന് തിരക്കഥാകൃത്ത് ആദർശ് സുകുമാരൻ പറഞ്ഞു. രാഘവിനോട് മുംബെയിൽ പോയി കഥ പറഞ്ഞിരുന്നു. അദ്ദേഹത്തിന് കഥ ഇഷ്ടമാവുകയും ചെയ്തു. എന്നാൽ ആരായിരിക്കും ഈ ചിത്രത്തിലെ നായകനെന്ന് തീരുമാനമായിട്ടില്ല. മുംബൈയിലെ ഒരു നിർമാണ കമ്പനിയായിരിക്കും ചിത്രം നിർമിക്കുകയെന്നും ആദർശ് സ്ഥിരീകരിച്ചു.

നവാഗതനായ വിഷ്ണു വിശ്വനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും ആദർശ് പറഞ്ഞു. അതേസമയം മോഹൻലാലിനോട് തങ്ങൾ ഒരു കഥ പറഞ്ഞിരുന്നെന്നും ആ കഥ ഇഷ്ടമായിട്ടുണ്ടെങ്കിലും തുടർന്നുള്ള ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും ആദർശ് പറഞ്ഞു. പ്രചരിക്കുന്ന മറ്റുവാർത്തകൾ എല്ലാം വെറും അഭ്യൂഹങ്ങളാണെന്നും ആദർശ് കൂട്ടിചേർത്തു.

നേരത്തെ ആർഡിഎക്സ് നിർമിച്ച സോഫിയ പോളിൻറെ വിക്കെൻറ്ബ്ലോക്ക് ബസ്റ്റേഴ്സിന് വേണ്ടിയായിരിക്കും രാഘവ് മലയാളത്തിൽ എത്തുകയെന്നായിരുന്നു പ്രചരിച്ച വാർത്തകളിൽ ഒന്ന്. അതേസമയം രാഘവ് മലയാളത്തിലേക്ക് എത്തിയാൽ കിടിലൻ അനുഭവം ആയിരിക്കുമെന്നാണ് ആരാധകർ പറയുന്നത്.

Related Articles
Next Story