കൊച്ചിയുടെ സ്വന്തം തലയും പിള്ളേരും ......ഒരു വരവ് കൂടെ വരുന്നു
മലയാളികളുടെ ആഘോഷ ചിത്രമായ മോഹൻലാൽ നായകനായ ചോട്ടാ മുംബൈ റീ റിലീസിന് ഒരുങ്ങുകയാണ്.

മലയാള സിനിമയിൽ ഇപ്പോൾ റീ റിലീസ് ഹിറ്റുകളുടെ കാലമാണ്. കഴിഞ്ഞ വർഷത്തിൽ സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് , വല്യേട്ടൻ എന്നീ ചിത്രങ്ങൾ റീറിലീസ് ചെയ്യുകയും വലിയ കളക്ഷൻ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ മലയാളികളുടെ ആഘോഷ ചിത്രമായ മോഹൻലാൽ നായകനായ ചോട്ടാ മുംബൈ റീ റിലീസിന് ഒരുങ്ങുകയാണ്. രാജമാണിക്യത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ഛോട്ടാ മുംബൈ. 2007ൽ റിലീസ് ചെയ്ത ചിത്രത്തിലൂടെ വാസ്കോഡ ഗാമ എന്ന 'തല' എന്ന കഥാപാത്രമായി മോഹൻലാൽ ഗംഭീര പ്രകടമായിരുന്നു. ഫോർട്ട് കൊച്ചിയുടെ സ്വന്തം തലയും പിള്ളേരും ആ വർഷത്തെ ടോപ് ഹിറ്റുകളിൽ ഒന്നായ മാറി. മണിയൻപിള്ള രാജുവാണ് ചിത്രം നിർമ്മിച്ചത്.
ആരാധകർക്ക് എന്നും പ്രിയപ്പെട്ട ഈ കഥാപാത്രങ്ങൾ ഉടൻ തീയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ചത് മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജൻ ആണ്. നിരഞ്ജൻ സോഷ്യൽ മീഡിയയിൽ നൽകിയ ഒരു കമന്റാണ് ഛോട്ടാ മുംബൈ വീണ്ടും എത്തുന്നെന്ന പ്രചരണങ്ങൾക്ക് പിന്നിൽ. ചിത്രത്തിനോട് എന്നും ആരാധകർക്കുള്ള ഇഷ്ടത്തിന് പിന്നാലെ 'ചോട്ടാ മുംബൈ 4K റീറിലീസ് ചെയ്യാമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന്, ''ദാറ്റ് ഓൾസോ ഹാപ്പനിംഗ് ” എന്ന നിരഞ്ജന്റെ മറുപടിയാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
കൊച്ചി പശ്ചാത്തലമാക്കി, ആക്ഷൻ കോമഡിയിൽ കലാഭവൻ മണി, സിദ്ദിഖ്, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, ഭാവന, സായ് കുമാർ, രാജൻ പി. ദേവ്, വിനായകൻ, മണിക്കുട്ടൻ, ബിജുക്കുട്ടൻ എന്നിവരും ഉൾപ്പെടുന്നു. മോഹൻലാലിന്റെ തല എന്നറിയപ്പെടുന്ന വാസ്‌ക്കോ എന്ന നായക കഥാപാത്രത്തിനൊപ്പം, സിദ്ധിഖിന്റെ മുള്ളൻ ചന്ദ്രപ്പൻ, കലാഭവൻ മണിയുടെ വില്ലൻ കഥാപാത്രം നടേശൻ, രാജൻ പി ദേവിന്റെ പാമ്പ് ചാക്കോ, ജഗതിയുടെ പടക്കം ബഷീർ, ഭാവനയുടെ പറക്കും ലത തുടങ്ങിയ കഥാപാത്രങ്ങളെല്ലാം പിൽക്കാലത്ത് കൾട്ട് സ്റ്റാറ്റസ് നേടിയിരുന്നു. രാഹുൽ രാജ് നാം നൽകിയ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇപ്പോഴും പ്ലേലിസ്റ്റ് ഭരിക്കുന്നവയാണ്.