സത്യരാജ് സാറിന് പിറന്നാളാശംസകളുമായി ലോകേഷ് കനകരാജ്
നടൻ സത്യരാജിന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ ലോകേഷ് കനകരാജ്. കൂലിയിൽ സത്യരാജിനൊപ്പം പ്രവർത്തിക്കുന്നത് മറക്കാൻ കഴിയാത്ത അനുഭവമാണെന്നും, ഇത് തനിക് ഒരു പഠന യാത്ര കൂടിയാണെന്നും ലോകേഷ് കുറിച്ചു. സത്യരാജ് സാറിന് ജന്മദിനാശംസകൾ നേരുന്നു, ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരുന്നതിന് നന്ദിയെന്നും ലോകേഷ് കൂട്ടിച്ചേർത്തു.
ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. 38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും നേർക്കുനേർ എത്തുകയാണ് ചിത്രത്തിലൂടെ. രാജശേഖർ എന്ന കഥാപാത്രമായാണ് സത്യരാജ് അവതരിപ്പിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ എത്തിയ കൂലിയുടെ പോസ്റ്ററുകൾ നേരത്തെ ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
സിംഗപ്പൂർ , ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് നടത്തുന്ന സ്വർണക്കള്ളക്കടത്താണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമയിൽ നാഗാർജുന, ഉപേന്ദ്ര, ശ്രുതി ഹാസൻ, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.