ലോകേഷിന്റെ ആദ്യത്തെ പ്രതിഫലം 5 ലക്ഷം രൂപ
തമിഴിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച സംവിധായകരില്‍ ഒരാള്‍ എന്ന പട്ടികയിലേക്ക് അതിവേഗം ഇടംപിടിച്ച വ്യക്തിയാണ് സംവിധായകൻ ലോകേഷ് കനകരാജ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് അഥവാ എല്‍സിയു ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികളിലൊന്നായി മാറിയിരിക്കുന്നു. തെന്നിന്ത്യന്‍ സിനിമയ്ക്കാകേയും തമിഴ് സിനിമയ്ക്ക് പ്രത്യേകിച്ചും പുത്തന്‍ ഊര്‍ജം പകരാന്‍ ലോകേഷിന്റെ സിനിമകള്‍ക്കായിട്ടുണ്ട്.
നിലവില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി കൂലി എന്ന ചിത്രമാണ് അദ്ദേഹം സംവിധാനം ചെയ്യുന്നത്. മഹാനഗരം എന്ന ചിത്രത്തിലൂടെയാണ് ലോകേഷ് കനകരാജ് തന്റെ കരിയര്‍ ആരംഭിച്ചത്. സിനിമാ മേക്കിംഗിലെ വ്യത്യസ്തത കൊണ്ട് ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റാന്‍ ലോകേഷിന് സാധിച്ചിരുന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ കിണത്തുകടവിലാണ് ലോകേഷ് കനകരാജ് ജനിച്ചത്. പിഎസ്ജി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ഫാഷന്‍ ടെക്‌നോളജി പഠിച്ചു. ഇതിന് ശേഷം എംബിഎ പൂര്‍ത്തിയാക്കി. ബാങ്കില്‍ ജോലി ലഭിച്ചെങ്കിലും സിനിമയോടുള്ള അഭിനിവേശം അദ്ദേഹത്തെ സംവിധാനരംഗത്തേക്ക് എത്തിച്ചു. ലോകേഷിന്റെ ഹ്രസ്വചിത്രം സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹം തന്റെ സ്വപ്നം പിന്തുടരാന്‍ ലോകേഷിനെ പ്രോത്സാഹിപ്പിച്ചു.
ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകരില്‍ ഒരാളുമാണ് ലോകേഷ് കനകരാജ്. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകേഷ് കനകരാജിന്റെ ആസ്തി ഏകദേശം 100 കോടി രൂപയാണ്. ഇന്ന് തമിഴ് സിനിമയിലെ ഏറ്റവും സമ്പന്നരായ സംവിധായകരില്‍ ഒരാളുമാണ് അദ്ദേഹം. ആദ്യ സിനിമയായ മഹാനഗരത്തില്‍ 5 ലക്ഷം രൂപയായിരുന്നു ലോകേഷ് കനകരാജിന്റെ പ്രതിഫലം. എന്നാല്‍ പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ പ്രതിഫലം കുത്തനെ കൂടുന്ന കാഴ്ചയായിരുന്നു സിനിമാലോകം കണ്ടത്. ഏറ്റവും ഒടുവില്‍ വിജയിയ്‌ക്കൊപ്പം ലിയോ എന്ന ചിത്രാണ് ലോകേഷ് ചെയ്തത്. ഇതിന് 20 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. അടുത്ത വലിയ പ്രോജക്റ്റായ തലൈവര്‍ 171 ന് വേണ്ടി ലോകേഷ് 50 കോടി രൂപ ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജിന് കോയമ്പത്തൂരിലെ കിണത്തുകടവില്‍ രണ്ട് കോടി രൂപ വരെ വിലയുള്ള മനോഹരമായ ഒരു വീട് ഉണ്ട്.
ആഡംബര കാറുകളോടും അദ്ദേഹത്തിന് വളരെ പ്രിയമുണ്ട്. വിക്രത്തിന്റെ വിജയത്തിന് ശേഷം നടന്‍ കമല്‍ഹാസന്‍ അദ്ദേഹത്തിന് 70 ലക്ഷം രൂപ വിലമതിക്കുന്ന ലെക്‌സസ് ഇഎസ് 300 സമ്മാനിച്ചിരുന്നു. കൂടാതെ, ലോകേഷ് 2023-ല്‍ താരം ബിഎംഡബ്ല്യു 7 സീരീസ് സ്വന്തമാക്കി. ഏകദേശം 1.7 കോടി രൂപ വിലമതിക്കുന്ന വാഹനമാണ് ഇത്.