ലൂസിഫർ ആദ്യം തീരുമാനിച്ചത് 12 പാർട്ടുള്ള വെബ് സീരീസായാണ്: പൃഥ്വിരാജ്
Lucifer, Prithviraj
മലയാള സിനിമ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘എമ്പുരാൻ’. സമീപകാല മലയാള സിനിമയിൽ ‘ലൂസിഫർ’ എന്ന ഒരൊറ്റ ചിത്രംകൊണ്ട് മോഹൻലാൽ എന്ന നടനും പൃഥ്വിരാജ് എന്ന നവാഗത സംവിധായകനും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു.
എന്നാൽ ഇപ്പോഴിതാ 12 പാർട്ടുള്ള വെബ് സീരീസായാണ് ലൂസിഫർ പ്ലാൻ ചെയ്തിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. അത്തരത്തിൽ ഓർഗാനിക് ആയി പ്രീക്വലും സ്വീകലും സംഭവിക്കുന്ന സിനിമകൾ ഇന്ന് കുറവാണെന്നും പൃഥ്വിരാജ് പറയുന്നു.
“ഈയടുത്തായി കണ്ടുവരുന്ന ഒരു ട്രെൻഡാണ് പല സിനിമകൾക്കും സീക്വലും പ്രീക്വലും അനൗൺസ് ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗം സിനിമകളും കൊമേഴ്‌സ്യൽ സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് ചെയ്യുന്നത്. കാരണം, ഒരു സെക്കൻഡ് പാർട്ട് ഉണ്ടെന്ന് അറിയിക്കുമ്പോൾ സ്വാഭാവികമായും ആദ്യഭാഗത്തിന്റെ ബിസിനസിനെ അത് വലിയ രീതിയിൽ സഹായിക്കും.
വളരെ കുറച്ച് സിനിമകൾക്ക് മാത്രമേ ഓർഗാനിക്കായി സീക്വൽ സംഭവിക്കുന്നുള്ളൂ. ഉദാഹരണത്തിന്, ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ മൂന്ന് പാർട്ടിൽ ചെയ്യേണ്ടി വരുമെന്ന് ആദ്യമേ അതിന്റെ തിരക്കഥാകൃത്തിനും എനിക്കും അറിയാമായിരുന്നു. സത്യം പറഞ്ഞാൽ 12 പാർട്ടുള്ള വെബ് സീരീസായാണ് ലൂസിഫർ എടുക്കാൻ പ്ലാൻ ചെയ്തത്. അതുപോലെ ഓർഗാനിക്കായി സീക്വൽ അല്ലെങ്കിൽ പ്രീക്വലുണ്ടാകുന്ന സിനിമകൾ കുറവാണ്.” എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ മലയാളത്തിലേക്ക് എത്തുന്നത് മലയാളത്തിലെ ഏറ്റവും വലിയ ചിത്രം എന്ന ഖ്യാതിയോടെയാണ്. സ്റ്റീഫൻ നെടുമ്പള്ളി ആരായിരുന്നെന്നും എങ്ങനെയാണ് സ്റ്റീഫൻ അബ്രാം ഖുറേഷി ആയതെന്നുമാണ് എമ്പുരാൻ പ്രധാനമായും പ്രമേയമാക്കുന്നത്. ലൂസിഫറിൽ കണ്ട ടൈംലൈനിന് മുൻപ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനിൽ ഉണ്ടാവും.