ഭാവഗായകന് വിട ചൊല്ലി മലയാളക്കര; ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം നാളെ മൂന്നുമണിയ്ക്ക് ജന്മദേശമായ പറവൂരിൽ
ഇന്നലെ വൈകിട്ട് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു പി ജയചന്ദ്രന്റെ അന്ത്യം.
മനുഷ്യ മനസ്സുകളുടെ വികാരങ്ങൾ മനോഹരമായി ആവിഷ്‌കരിച്ച ഭാവഗായകൻ എന്ന് സ്‌നേഹപൂർവ്വം വിളിക്കുന്ന പ്രശസ്ത പിന്നണി ഗായകൻ പി ജയചന്ദ്രൻ അത്യാഞ്ജലി അർപ്പിച്ചു മലയാളക്കര.മൃതദേഹം രാവിലെ എട്ട് മണിക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍നിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചു.10 മുതൽ 12 വരെ സംഗീത അക്കാദമി ഹാളിൽ പൊതുദർശനമുണ്ടാകും. തിരികെ പൂങ്കുന്നത്തെ വീട്ടിലെത്തിച്ചതിന് ശേഷം നാളെ ജന്മദേശമായ നോര്‍ത്ത് പറവൂരിലെ ചേന്ദമംഗലം പാലിയത്ത് വീട്ടിലായിരിക്കും സംസ്കാരം നടക്കുക. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ആണ് സംസ്കാര ചടങ്ങുകൾ നടക്കുക.
ഇന്നലെ വൈകിട്ട് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു പി ജയചന്ദ്രന്റെ അന്ത്യം. വ്യാഴാഴ്ച വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ രാത്രി 7.55ഓടെയാണ് അദ്ദേഹം മരിക്കുന്നത്. കുറച്ചു നാളായി അസുഖബാധിതനായിരുന്നു അദ്ദേഹം.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16,000-ലധികം ഗാനങ്ങൾ ആലപിച്ച മികച്ച പിന്നണി ഗായകനുള്ള നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഗായകനാണ് പി ജയചന്ദ്രൻ. സിനിമ ഗാനരംഗത്ത് നൽകിയ സമഗ്ര സംഭാവനയ്ക്ക് ദേശീയ ചലച്ചിത്ര അവാർഡും കേരള സർക്കാരിൻ്റെ ജെ സി ഡാനിയൽ അവാർഡും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.കൂടാതെ, അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും രണ്ട് തവണ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടി.
1965-ൽ കുഞ്ഞാലി മരക്കാർ എന്ന ചിത്രത്തിന് വേണ്ടി പ്രശസ്ത ഗാനരചയിതാവ് പി ഭാസ്കരൻ രചിച്ച ഒരു മുല്ലപ്പൂ മലയുമയി എന്ന ഗാനത്തിലൂടെയാണ് പി ജയചന്ദ്രൻ സിനിമ ഗാനരംഗത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ, കളിതോഴൻ എന്ന ചിത്രത്തിലെ 'മഞ്ഞളയിൽ മുങ്ങിത്തോർത്തി' എന്ന ഗാനമാണ് ആദ്യമായി റിലീസ് ചെയ്ത ഗാനം. തൃപ്പൂണിത്തുറ കോവിലകത്ത് രവിവർമ്മ കൊച്ചനിയൻ തമ്പുരാൻ്റെയും ചേന്ദമംഗലം പാലിയം വീട്ടിൽ സുഭദ്ര കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനാണ് പി ജയചന്ദ്രൻ.