മമ്മൂക്കയടക്കമുള്ളവര്‍ അടുത്തറിയുന്നവരെ പോലെ പെരുമാറി; നസ്‌ലെന്‍
പ്രേമലുവിന് ശേഷം കൈനിറയെ ചിത്രങ്ങളാണ് നസ്‌ലെനെ തേടിയെത്തിയത്. പ്രേമലുവിന് മുന്‍പേ ഗിരീഷ് എഡിയുടെ തന്നെ സംവിധാനത്തിലൊരുങ്ങിയ ഐ ആം കാതലന്‍ തിയേറ്ററുകളിലെത്തി കഴിഞ്ഞു. പ്രേമലു 2, മോളിവുഡ് ടൈംസ്, ആലപ്പുഴ ജിംഖാന, വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം തുടങ്ങിയവയാണ് നസ്‌ലെന്‍ ഭാഗമായി പണിപ്പുരയിലുള്ള ചിത്രങ്ങള്‍. ആലപ്പുഴ ജിംഖാനയുടെ പുറത്തുവന്ന പോസ്റ്ററും അതിലെ ബോക്‌സറായുള്ള നസ്‌ലെന്റെ ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു.
ആലപ്പുഴ ജിംഖാനയ്ക്ക് മുന്‍പും താന്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ടായിരുന്നെന്നും എന്നാല്‍ ഒരു ലക്ഷ്യം മുന്നില്‍ കണ്ട് ചെയ്യുന്നത് ഈ പ്രോജക്ടിന് വേണ്ടിയായിരുന്നു എന്നും നസ്‌ലെന്‍ പറഞ്ഞു. കോമഡി-സ്‌പോര്‍ട്‌സ് ഴോണറില്‍ വരുന്ന പടമാണത്. കൂടുതലൊന്നും പറയാന്‍ കഴിയുന്ന ഘട്ടത്തിലല്ല. വേഫറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഡൊമിനിക് അരുണിന്റെ ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. സെറ്റില്‍ മമ്മൂക്ക വന്നിരുന്നു. അദ്ദേഹം പ്രേമലു കണ്ടിട്ടുണ്ടായിരുന്നു.
പ്രേമലു ഇറങ്ങിയ ശേഷം ഞങ്ങള്‍ വലിയ ബഹുമാനത്തോടെ കാണുന്നവരെല്ലാം, മമ്മൂക്കയടക്കമുള്ള സീനിയേഴ്‌സെല്ലാം, കൂടുതല്‍ അടുത്തറിയുന്നവരെ പോലെ പെരുമാറാന്‍ തുടങ്ങി. അവരുടെ സ്‌നേഹത്തിലും പെരുമാറ്റത്തിലുമെല്ലാം അത് കാണാന്‍ കഴിയും. അടുത്ത ആളുകളോടെന്ന പോലെയാണ് ഇടപെടുക. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്,' നസ്‌ലെന്‍ പറഞ്ഞു. അജിത്തിനൊപ്പമുള്ള തമിഴ് ചിത്രത്തെ കുറിച്ച് ഒന്നും പറയാനിയിട്ടില്ലെന്നും ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും നസ്‌ലെന്‍ അഭിമുഖത്തില്‍ പറഞ്ഞു.