73ാം പിറന്നാൾ നിറവിൽ മലയാളത്തിന്റെ മമ്മൂക്ക
മലയാളത്തിന്റെ മമ്മൂട്ടിക്ക് ഇന്ന് 73 ആം പിറന്നാൾ. ലോകം എങ്ങനെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ഓർക്കേണ്ടത്? ഒരിക്കൽ ചോദ്യത്തിന് ഹൃദയംതൊട്ട് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു. എത്ര നാൾ അവരെന്നെ ഓർക്കും? ഒരു വർഷം. 10 വർഷം, 15 വർഷം? അതു കഴിഞ്ഞാൽ തീർന്നു. ലോകാവസാനം വരെ മനുഷ്യർ ഓർത്തിരിക്കണമെന്നു നമ്മൾ പ്രതീക്ഷിക്കരുത്. അങ്ങനെയൊന്നും ആർക്കും സംഭവിക്കില്ല. ആയിരക്കണക്കിന് അഭിനേതാക്കളിൽ ഒരാൾ മാത്രമാണ് ഞാൻ. ഒരു വർഷത്തിൽ കൂടുതൽ അവർ എന്നെ ഓർത്തിരിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. പക്ഷേ ആരാധകർ അവിടെ മാത്രം ഈ മമ്മൂട്ടി വാദം തിരുത്തി പറയും. അന്നും ഇന്നും സിനിമ മടുക്കാത്ത ഒരാളെ എങ്ങനെ കാലം പിടിയിറക്കുമെന്ന്.
പ്രായം മമ്മൂട്ടിക്ക് മുന്നിൽ സലാം വച്ച് നിൽക്കാൻ തുടങ്ങിയിട്ട് 73 വർഷങ്ങൾ. അഞ്ച് പതിറ്റാണ്ടിനോട് അടുക്കുമ്പോഴും ഇന്നും നല്ല കഥകൾക്ക് ചെവി കൊടുക്കാൻ മടി കാണിക്കാറില്ല. തന്നിലെ നടനെ തേച്ചുമിനുക്കാൻ താരസിംഹാസനം തടസവുമല്ല. പുതിയ മമ്മൂട്ടി പഴയ മമ്മൂട്ടി എന്നൊന്നില്ല. എന്നും എപ്പോഴും അയാൾ വേഷങ്ങളുടെ വൈവിധ്യങ്ങൾ കൊണ്ട് സ്വയം പുതുക്കിക്കൊണ്ടേയിരിക്കുന്നു.
1971 ൽ സത്യൻ മാഷിന്റെ കാൽതൊട്ട് വന്ദിച്ച് തുടക്കം. പിന്നെ ചെറുവേഷങ്ങളിലൂടെ അമരത്തേക്ക്. പിന്നീട് അഭിനയത്തികവ് കൊണ്ട് മലയാള സിനിമയുടെ നെടുംതൂണായ പതിറ്റാണ്ടുകൾ. എംടിയുടെ കഥാപാത്രങ്ങളെ മമ്മൂട്ടിയോളം അനശ്വരമാക്കിയ മറ്റാരുണ്ട്.
ചെറുതാണെങ്കിലും വലുതാണെങ്കിലും ആ ആരാധകന് മമ്മൂട്ടിയുടെ മനസിലാണ് സ്ഥാനം. അഭ്രപാളിയിൽ മിന്നി തെളിയുമ്പോഴും നോവ് കാണുന്ന നക്ഷത്രമായി മമ്മൂട്ടി ഇനിയും നിറയും.