പതിവ് സങ്കൽപങ്ങളെ മമ്മൂട്ടി പരിഗണിക്കാറില്ല; പ്രശംസിച്ച് കരൺ ജോഹറും വെട്രിമാരനും

മമ്മൂട്ടിയെ പ്രശംസിച്ച് വെട്രിമാരനും കരൺ ജോഹറും അടക്കമുള്ള സംവിധായകർ. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വെട്രിമാരൻ, പാ രഞ്ജിത്, കരൺ ജോഹർ, സോയ അക്തർ, മഹേഷ് നാരായണൻ എന്നീ സംവിധായകർ മമ്മൂട്ടിയുടെ സിനിമാ തിരഞ്ഞെടുപ്പിനെയും അഭിനയത്തെയും കുറിച്ച് സംസാരിച്ചത്.

‘കാതൽ’ എന്ന സിനിമയെ കുറിച്ചാണ് കരൺ ജോഹർ സംസാരിച്ചത്. ‘ഭ്രമയുഗ’ത്തെ പുകഴ്ത്തിയായിരുന്നു വെട്രിമാരൻ. കാതൽ പോലൊരു ചിത്രത്തിൽ അഭിനയിക്കുകയും അത് നിർമ്മിക്കുകയും ചെയ്തത് അതിഗംഭീരമാണ് എന്ന് കരൺ ജോഹർ പറഞ്ഞു.

മമ്മൂട്ടി മറ്റ് അഭിനേതാക്കൾക്ക് വലിയൊരു പ്രചോദനമാണ്. യുവ അഭിനേതാക്കൾക്ക് മാതൃകയാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ ആകാനുള്ള ഒരു ആഗ്രഹം വളർന്നു വരുന്ന അഭിനേതാക്കളുടെ മനസിലും ഉണ്ടാകുമെന്ന് വെട്രിമാരൻ പറഞ്ഞു. ഒരു സൂപ്പർതാരം സിനിമയിൽ ഇങ്ങനെയാകണം എന്നൊക്കെയുള്ള പതിവ് സങ്കൽപങ്ങളെ മമ്മൂട്ടി എന്ന താരം പരിഗണിക്കാറില്ല എന്നാണ് മഹേഷ് നാരായണന്റെ അഭിപ്രായം.

താരങ്ങൾ ആയി പേരെടുക്കുമ്പോൾ അനാവശ്യ ഭാരങ്ങളും സമ്മർദ്ദങ്ങളും അവർക്കു മേലുണ്ടാകും. പടം ചെറുതോ വലുതോ ആകട്ടെ, തന്റെ കഥാപാത്രം എത്രത്തോളം ഭംഗിയായി എഴുതപ്പെട്ടിട്ടുണ്ട് എന്നു മാത്രമാണ് അദ്ദേഹം നോക്കുന്നത്.

അതിൽ എത്രത്തോളം പുതുമയുണ്ട്. ഇതൊക്കെയാണ് അദ്ദേഹം പരിഗണിക്കുന്നത്. അമിതാഭ് ബച്ചന്റെ അടുത്തേക്ക് ഒരു കഥയുമായി പോകുന്ന പോലെയാണ്. അദ്ദേഹം എല്ലാം ചെയ്തിട്ടുണ്ട്. എന്താണ് ഇനി പുതിയതായുള്ളത്? അതാണ് മമ്മൂട്ടി അന്വേഷിക്കുന്നത്. മുതിർന്ന ഒരു നടൻ ആയിട്ട് പോലും അത്തരത്തിലുള്ള അന്വേഷണത്തിലാണ് അദ്ദേഹം എന്ന് മഹേഷ് നാരായണൻ പറഞ്ഞു.

Related Articles
Next Story