മമ്മൂക്കയും ലാലുമായും സൗഹൃദം തുടരുന്നത് അതുകൊണ്ട് മാത്രമാണ്: ജഗദീഷ്

സിനിമയിലെ തന്റെ സൗഹൃദങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതിന്റെ കാരണം പറഞ്ഞ് നടൻ ജഗദീഷ്. സംവിധായകൻ പ്രിയദർശനും മോഹൻലാലും മമ്മൂട്ടിയുമൊക്കെയായി വർഷങ്ങൾക്ക് മുമ്പേയുള്ള സൗഹൃദമാണ്. എന്നാൽ എപ്പോൾ സംസാരിക്കണം, എപ്പോഴാണ് നിർത്തേണ്ടത് എന്ന് കൃത്യമായി അറിയാവുന്നതു കൊണ്ടാണ് ആ ബന്ധങ്ങൾ നിലനിൽക്കുന്നതെന്ന് ജഗദീഷ് പറഞ്ഞു.

”ഓരോ സൗഹൃദത്തിലും എവിടെ നിൽക്കണം എന്നതു വലിയ പാഠമാണ്. പ്രിയനും ലാലും ഒക്കെയായി വർഷങ്ങൾക്ക് മുമ്പേയുള്ള പരിചയമാണ്. പക്ഷേ, എപ്പോൾ സംസാരിക്കണം, എപ്പോഴാണ് നിർത്തേണ്ടത് എന്ന് കൃത്യമായി അറിയാവുന്നതു കൊണ്ട് ആ സൗഹൃദങ്ങൾ ഇപ്പോഴും തുടരുന്നു.”

”പ്രിയന്റെ ലൊക്കേഷൻ. ഞാനും പ്രിയനും കാരവാനിൽ ഇരുന്നു സംസാരിക്കുകയാണ്. അപ്പോഴാണ് ബോളിവുഡ് നിർമ്മാതാവ് പ്രിയനെ കാണാനെത്തിയത്. അദ്ദേഹം വന്നതും ഞാൻ എഴുന്നേറ്റു. പ്രിയൻ പറഞ്ഞു, ‘നീ എങ്ങോട്ട് പോകുന്നു. അവിടെ ഇരിക്ക്’ എന്ന്. പക്ഷേ, ഞാൻ ഇറങ്ങി. റോളില്ലാത്ത ഇടങ്ങളിൽ നിന്ന് അവസരത്തിനൊത്ത് മാറുന്നത് കൊണ്ടാണ് ബന്ധങ്ങൾ നിലനിൽക്കുന്നത്.”

”ഫാലിമി’ കണ്ട് പ്രിയൻ വിളിച്ചു നീ കലക്കുന്നുണ്ടെന്ന് പറഞ്ഞു. അതിനേക്കാളും സന്തോഷമായത് പ്രിയൻ ഒപ്പമുള്ള സുഹൃത്തുക്കളോട് പറഞ്ഞതാണ്, ‘അവന്റെ വളർച്ച ഭയങ്കരമാണ്. എങ്ങോട്ടാണ് ഇവന്റെ പോക്ക്…’ എന്ന്. ഇത് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി.

”മമ്മൂക്കയും ലാലുമായും നല്ല ബന്ധമുണ്ടെങ്കിലും ഒരു ഫോൺകോൾ പോലും അനാവശ്യമായി ചെയ്തിട്ടില്ല. അവരുടെ തിരക്കുകൾ എനിക്കു നന്നായറിയാം. അതുകൊണ്ടുതന്നെ ബുദ്ധിമുട്ടിക്കാറില്ല. കാണുമ്പോൾ ഇന്നലെ കണ്ടതു പോലെ സംസാരിച്ചു തുടങ്ങുകയും ചെയ്യും” എന്നാണ് ജഗദീഷ് പറയുന്നത്.

Related Articles
Next Story