മണിച്ചിത്രത്താഴ് റിമേക്ക് ഭൂൽ ഭുലയ്യക്ക് അവാർഡ് കിട്ടാത്തത് അച്ഛനെ വിഷമിപ്പിച്ചു: വിദ്യ ബാലൻ
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ‘മണിച്ചിത്രത്താഴി’ന്റെ ഏറെ വിജയം നേടിയ റീമേക്കുകളിൽ ഒന്നാണ് ബോളിവുഡ് ചിത്രം ‘ഭൂൽ ഭുലയ്യ’. പ്രിയദർശൻ ആണ് ഭൂൽ ഭുലയ്യ സംവിധാനം ചെയ്തത്. ചിത്രത്തിൽ നായികയായ വിദ്യ ബാലന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് തനിക്ക് അവാർഡ് കിട്ടാത്തതിൽ അച്ഛന് വിഷമം തോന്നിയിരുന്നു എന്നാണ് വിദ്യ പറഞ്ഞത്.
മഞ്ജുലിക എന്ന കഥാപാത്രമായി താൻ നടത്തി പ്രകടനം വളരെ മികച്ചതായിരുന്നു എന്നും അതിന് അവാർഡ് നൽകണമെന്നും അച്ഛൻ പറഞ്ഞതായാണ് വിദ്യ പറയുന്നത്. എന്നാൽ തന്റെ ചിത്രം മലയാള സിനിമയുടെ റീമേക്ക് ആയതിനാൽ നോമിനേഷൻ കൊടുക്കാൻ കഴിയില്ലെന്ന് പറഞ്ഞു.
അന്ന് അദ്ദേഹത്തിന് വല്ലാത്ത സങ്കടമായിരുന്നു. ഈ വർഷം എന്റെ പെർഫോമൻസ് മാത്രമല്ല ഉണ്ടായിരുന്നതെന്നും എന്നെക്കാൾ മികച്ച പ്രകടനം കാഴ്ച വേറെയുണ്ടെന്നും അച്ഛനോട് പറഞ്ഞിരുന്നു. എങ്കിലും എന്റെ അച്ഛനും കുടുംബത്തിനും അതിയായ വിഷമമുണ്ടായിരുന്നു. ഞാൻ അനുഗ്രഹീതയാണ് എന്നാണ് തോന്നുന്നത്.
ഞാൻ എന്നും എന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഫലം നോക്കിയല്ല അതൊന്നും ചെയ്തത്. എന്നിട്ട് എനിക്കും സങ്കൽപ്പിച്ചതിനേക്കാൾ കൂടുതൽ പ്രതിഫലം കിട്ടിയിട്ടുണ്ട്. അതിലെന്നും എനിക്ക് സന്തോഷമുണ്ട്. പക്ഷെ എന്നെ ആശ്ചര്യപ്പെടുത്തിയത് ആ പ്രകടനത്തിന് എനിക്ക് അവാർഡിന് അർഹതയുണ്ടെന്ന് എല്ലാവരും പറഞ്ഞപ്പോഴാണ്.
ഞാൻ എപ്പോഴും മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ചാണ് ചിന്തിക്കുന്നത് എന്നാണ് വിദ്യ ബാലൻ പറയുന്നത്. അതേസമയം, 2010ൽ ‘പാ’, 2011ൽ ‘ഇഷ്‌കിയ’, 2012ൽ ‘ദി ഡേർട്ടി പിക്ചർ’, 2013ൽ ‘കഹാനി’ എന്നീ ചിത്രങ്ങൾക്ക് തുടർച്ചയായി നാല് വർഷം മികച്ച നടിക്കുള്ള പുരസ്‌കാരം വിദ്യ സ്വന്തമാക്കിയിരുന്നു.