'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്ന വാക്ക് ഇൻസൾട്ടാണ്: മഞ്ജു വാര്യർ

മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യർ 1995-ൽ മോഹൻ സംവിധാനം ചെയ്ത ‘സാക്ഷ്യം’ എന്നാണ് ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സല്ലാപം, തൂവൽകൊട്ടാരം, കളിവീട്, ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിൽ ഒരു പ്രണയക്കാലത്ത്, കളിയാട്ടം, കന്മദം, ദയ, സമ്മർ ഇൻ ബത്ലഹേം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങീ ചിത്രങ്ങളിലൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മഞ്ജു വാര്യർ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കി. പിന്നീട് സിനിമയിൽ നിന്നും വിട്ടു നിന്ന മഞ്ജു പതിനഞ്ച് വർഷങ്ങൾക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൌ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

ഇപ്പോഴിതാ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യർ. ലേഡി സൂപ്പർസ്റ്റാർ എന്ന വാക്ക് തന്നെ ഇപ്പോൾ ഇൻസൾട്ടായാണ് തോന്നുന്നതെന്നും, അതിനെ സംബന്ധിച്ച് ആവശ്യം ഇല്ലാത്ത ചര്‍ച്ചകളാണ് നടക്കുന്നതെന്നും മഞ്ജു വാര്യർ പറഞ്ഞു.

“ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വാക്ക് തന്നെ എനിക്ക് ഇപ്പോള്‍ ഇന്‍സള്‍ട്ട് ആയിട്ടാണ് തോന്നുന്നത്. കാരണം പലരും ആ വാക്ക് ഓവര്‍ യൂസ് ചെയ്ത് അവരവരുടെ ഡെഫനിഷന്‍സ് കൊടുക്കുകയാണ്. അതിനെ സംബന്ധിച്ച് ആവശ്യം ഇല്ലാത്ത ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്. അതുകൊണ്ട് എനിക്ക് ആളുകളുടെ സ്‌നേഹം മതി. അല്ലാതെ ഈ ടൈറ്റിലുകള്‍ വേണ്ട

ഒരു സിനിമക്ക് ആവശ്യമായ കഥാപാത്രങ്ങള്‍ മതിയാകും. എന്നെ സംബന്ധിച്ച് ഈ നായിക – നായകന്‍ എന്ന് ജെന്‍ഡറിനെ ബേസ് ചെയ്ത് പറയുന്നത് തന്നെ ഔട്ട് ഡേറ്റഡാണ്. കഥാപാത്രത്തിനും കോണ്ടന്റിനുമാണ് പ്രാധാന്യം. അവിടെ ആണാണോ പെണ്ണാണോ തേര്‍ഡ് ജെന്ററാണോ എന്നതിനല്ല. ആ ലെവലിലേക്ക് സിനിമയും പ്രേക്ഷകരുടെയും അഭിരുചികളും ചിന്തയുമൊക്കെ വളരുകയാണ്.

പണ്ടേ ഇതൊക്കെ സംസാരിച്ചു തീരേണ്ട വിഷയങ്ങളാണ്. സിനിമ എന്‍ഗേജിങ്ങാണെങ്കില്‍ പ്രേക്ഷകര്‍ ഏറ്റെടുക്കും. ആരെ കേന്ദ്രീകരിച്ചാണ് സിനിമയെന്നതില്‍ പ്രാധാന്യമുണ്ടാകില്ല.” എന്നാണ് പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞത്.

Related Articles
Next Story