മഞ്ഞുമ്മൽ ബോയ്സും ഇളയരാജയും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായി

'കൺമണി അൻപോട്' എന്ന ഗാനം 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് അവസാനമായതായി റിപ്പോർട്ട്. ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി മഞ്ഞുമ്മൽ ടീം പ്രശ്നം പരിഹരിച്ചു എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ കൺമണി അൻപോട് ഗാനം ഉപയോഗിച്ചു എന്നാരോപിച്ച് ഇളയരാജ മെയ് മാസമായിരുന്നു വക്കീൽ നോട്ടീസ് അയച്ചത്.

ചിത്രം വമ്പൻ വിജയമായി മാറിയതിനു പിന്നാലെയാണ് നിയമനടപടികളുമായി ഇളയരാജ എത്തിയത്. എന്നാൽ ​ഗുണ നിർമാതാക്കളുടെ അനുമതിയോടെയായിരുന്നു ​ഗാനം ഉപയോ​ഗിച്ചത് എന്നാണ് അണിയറ പ്രവർത്തകരുടെ വാദം. രണ്ട് കോടി രൂപയാണ് നഷ്ടപരിഹാരമായി ഇളയരാജ ആവശ്യപ്പെട്ടത്. ചർച്ചകൾക്കൊടുവിൽ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നൽകിയെന്നാണ് റിപ്പോർട്ട്.

1991-ൽ സന്താന ഭാരതി സംവിധാനം ചെയ്ത് കമൽ ഹാസൻ ചിത്രമായ 'ഗുണ' യ്ക്ക് വേണ്ടി ഇളയരാജ ഈണം നൽകിയ ഗാനമാണ് 'കൺമണി അൻപോട് കാതലൻ' എന്ന ഗാനം. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിൽ വലിയ രീതിയിൽ ഈ ​ഗാനം ഉപയോ​ഗിച്ചിട്ടുണ്ട്. ഇതോടെ ​ഏറെ കാലങ്ങൾക്ക് ശേഷം കൺമണി അൻപോട് ​ഗാനം വീണ്ടും ഹിറ്റാകാനും ‘മഞ്ഞുമ്മൽ ബോയ്സ്’ വഴിയൊരുക്കി.

Related Articles
Next Story