'മിഥുന'ത്തിലെ ഹാസ്യരംഗം പിറന്ന വഴിയെക്കുറിച്ച് മേനക സുരേഷ്
പ്രണയിച്ച് വിവാഹിതരായവരാണ് സുരേഷ് കുമാറും മേനകയും. മേനക സ്‌ക്രീനില്‍ തിളങ്ങിയപ്പോള്‍ നിര്‍മ്മാണത്തിലായിരുന്നു സുരേഷ് ശ്രദ്ധയുറപ്പിച്ചത്. ഇവരുടെ പ്രണയം അറിഞ്ഞപ്പോള്‍ പലരും എതിര്‍പ്പുമായി വന്നിരുന്നു. മേനകയെപ്പോലൊരാള്‍ക്ക് പറ്റിയ പയ്യനല്ല സുരേഷ്, ഈ ബന്ധം അധികം പോവില്ലെന്നായിരുന്നു ഉപദേശം. എന്നാല്‍ ഒന്നിക്കുകയെന്ന തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു മേനകയും സുരേഷ് കുമാറും. സന്തോഷകരമായ കുടുംബജീവിതമാണ് തന്റേത് എന്ന് മേനക എപ്പോഴും പറയാറുണ്ട്. കല്യാണം കഴിഞ്ഞ സമയത്ത് നടന്ന രസകരമായൊരു സംഭവത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരിക്കുകയാണിപ്പോൾ.
കൂട്ടുകാര്‍ക്ക് വേണ്ടി ജീവിക്കുന്നയാളാണ് സുരേഷേട്ടന്‍. കല്യാണം കഴിക്കുന്നതിന് പകരം നിങ്ങളുടെ കൂട്ടുകാരനായി ജനിച്ചാല്‍ മതിയേനെ എന്ന് തോന്നിയിട്ടുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് തന്നെ പറഞ്ഞിട്ടുണ്ട്. കല്യാണം കഴിഞ്ഞ് ഹണിമൂണിന് പോവുമ്പോള്‍ വലിയൊരു സുഹൃത് സംഘം തന്നെ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. വണ്ടിയില്‍ കയറി ഓരോ സ്‌റ്റോപ്പില്‍ നിന്നും ആളെ കയറ്റിയായിരുന്നു യാത്ര. ഇങ്ങനെ ആളുകള്‍ വരുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.
ട്രിപ്പ് പോവുന്നുവെന്ന് പറഞ്ഞപ്പോള്‍ ഞാനും സുരേഷേട്ടനും ചേച്ചിയും അവരുടെ മകനും പോവാനായിരുന്നു തീരുമാനിച്ചത്. പോവുന്ന സ്ഥലത്തെക്കുറിച്ചായിരുന്നു പിന്നീടത്തെ ചര്‍ച്ച. അമേരിക്കയില്‍ തുടങ്ങി പിന്നീട് കന്യാകുമാരിയില്‍ എത്തിനില്‍ക്കുകയായിരുന്നു ആ ചര്‍ച്ച. സുരേഷേട്ടനും സുഹൃത്തുക്കളും ഒരുപോലെ തീരുമാനമെടുക്കുകയായിരുന്നു. രാത്രി 8 ആവുമ്പോള്‍ പുറപ്പെടണം, തയ്യാറായിരുന്നോളൂ എന്നായിരുന്നു പറഞ്ഞത്. രാത്രി ഒൻപത് മണിക്ക് പോവുമെന്നായിരുന്നു പറഞ്ഞത്. രാത്രി പത്തരയായിട്ടും ആളെത്തിയില്ല. പതിനൊന്ന് കഴിഞ്ഞപ്പോഴാണ് ആൾ വന്നത്. പതിനൊന്ന് പേർ ഞെങ്ങിഞെരുങ്ങിയാണ് പോയത്. പുലർച്ചെയാണ് അവിടെയെത്തിയത്.
താമസിക്കാൻ റൂം ഒന്നും പറഞ്ഞിരുന്നില്ല. പെണ്ണുങ്ങളുണ്ട്, കുഞ്ഞുണ്ട് എന്നൊക്കെ പറഞ്ഞ് കെഞ്ചി ഒരു ഡോർമെറ്ററി സംഘടിപ്പിച്ച് എല്ലാവരും ഒന്നിച്ച് നിരനിരയായി കിടക്കുകയായിരുന്നു. ഇനി എവിടേക്കാണ് പോവേണ്ടതെന്ന് ചേട്ടൻ ചോദിച്ചപ്പോൾ വണ്ടി നേരെ തിരുവനന്തപുരത്തിന് വിടെന്നായിരുന്നു ചേച്ചി പറഞ്ഞത്. ഈ സംഭവം ഞാൻ പ്രിയദർശനോട് പറഞ്ഞിരുന്നു. കേട്ടതും അദ്ദേഹം ചിരിച്ചൊരു വഴിയായിരുന്നു. മിഥുനം സിനിമ കണ്ടപ്പോൾ ഇതേ രംഗം അതിലുണ്ട്. മേനക പറഞ്ഞ സംഭവമെന്ന് കാണുമ്പോഴെല്ലാം പ്രിയേട്ടൻ പറയുമായിരുന്നു.