മോഹന്‍ലാലും മമ്മൂട്ടിയും എന്നെ ഒതുക്കി, സിനിമയില്‍ നിന്നും വിലക്കാനും ശ്രമിച്ചു: ശ്രീകുമാരന്‍ തമ്പി

മലയാള സിനിമയെ തകര്‍ത്തത് താരാധിപത്യമാണെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. മമ്മൂട്ടിയും മോഹന്‍ലാലും തന്നെയും പല നിര്‍മ്മാതാക്കളെയും ഒതുക്കി. സിനിമയില്‍ പാട്ടെഴുതുന്നതില്‍ നിന്ന് പോലും വിലക്കാന്‍ മമ്മൂട്ടി ശ്രമിച്ചു. ‘അമ്മ’ സംഘടന മാക്ട, ഫെഫ്ക എന്നീ സംഘടനകളെ ഒതുക്കി. താരങ്ങള്‍ പറയുന്നവരെയാണ് സംവിധായകര്‍ ആക്കേണ്ടത് എന്ന് നിര്‍ദേശിച്ചു എന്നിങ്ങനെയാണ് സംവിധായകന്‍ പറയുന്നത്.

ഇന്ത്യയിലെ മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ അവരല്ല സിനിമാ വ്യവസായം ഭരിക്കേണ്ടത്. താന്‍ സംവിധാനം ചെയ്ത ‘യുവജനോത്സവം’ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ നായകനാകുന്നത്. പിന്നീട് അദ്ദേഹം എന്റെ സിനിമയ്ക്ക് ഡേറ്റ് തന്നിട്ടില്ല.

രണ്ടുപേരും ഞാനുള്‍പ്പെടെയുള്ള പഴയകാല നിര്‍മ്മാതാക്കളെ ഒതുക്കി. നായകനായിരുന്ന രതീഷിനെ വില്ലന്‍ സ്ഥാനത്തേക്ക് മാറ്റിയിട്ടാണ് മുന്നേറ്റം സിനിമയില്‍ മമ്മൂട്ടിയെ നായകനാക്കിയത്. അതുവരെ വിനീതനായിരുന്ന മമ്മൂട്ടിയെ പിന്നീട് കണ്ടിട്ടില്ല. ഒരു സിനിമയില്‍ പാട്ടെഴുതുന്നതില്‍ നിന്ന് പോലും തന്നെ വിലക്കാന്‍ അദ്ദേഹം ശ്രമിച്ചു. കുറച്ചുകാലം സുരേഷ് ഗോപിയും ഈ നിരയിലുണ്ടായിരുന്നു.

അമ്മ മാക്ടയെ തകര്‍ത്തു. അമ്മയുടെ ആള്‍ക്കാര്‍ ഫെഫ്കയെ കൈപ്പിടിയിലൊതുക്കി. അവര്‍ പറയുന്നവരെ സംവിധായകരാക്കണമെന്ന് നിര്‍ദേശിച്ചു. താനുള്‍പ്പെട്ട ദേശീയ ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയാണ് മമ്മൂട്ടിക്കും മോഹന്‍ലാലിനും ദേശീയ പുരസ്‌കാരം നല്‍കിയത്. ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ പുരസ്‌കാരം മോഹന്‍ലാലിന് നല്‍കണമെന്ന നിര്‍ദേശം വന്നപ്പോഴും സമ്മതിക്കുകയായിരുന്നു.

പുതിയ നടന്മാര്‍ വന്നതോടെ പവര്‍ ഗ്രൂപ്പ് തകര്‍ന്നു. മലയാള സിനിമയില്‍ നടിമാര്‍ക്ക് നേരേയുള്ള പീഡനകഥകള്‍ കുറവാണ്. പ്രമുഖ നടിമാരാരും പ്രധാന നടന്മാരെ കുറിച്ച് പരാതി ഉന്നയിച്ചിട്ടില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് പരാതിക്കാര്‍. മുമ്പൊന്നും സംവിധായകന്റെ മുന്നില്‍ പോലും ഇവര്‍ എത്താറില്ല. ഇപ്പോള്‍ നടന്റെ മുറിയില്‍ പോകുന്നത് എന്തിനാണ്.

വനിതകളെ രക്ഷിക്കാനല്ല, പകരം മലയാളസിനിമയെ ഒന്നടങ്കം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അമ്മയില്‍ നിന്നുള്ള മോഹന്‍ലാലിന്റെ രാജി ഭീരുത്വമാണ്. മുകേഷ് രാജി വയ്ക്കണമെന്നാണ് അഭിപ്രായമെങ്കിലും പാര്‍ട്ടിയാണ് അത് തീരുമാനിക്കേണ്ടത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടണം എന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്.

Related Articles
Next Story