സത്യൻ അന്തിക്കാടിൻ്റെ 'ഹൃദയപൂർവ്വ'ത്തിൽ സന്ധീപ് ബാലകൃഷ്ണനാകാൻ മോഹൻലാൽ എത്തി.

" നമ്മളു ,തുടങ്ങുവല്ലേ
സത്യേട്ടാ...,,"
മനോഹരമായലൈറ്റ് ക്രീം ഷർട്ടും, വൈറ്റ് ലിനൻ പാൻ്റും, കൃത്യമായി ചീകിയൊതുക്കിയ മുടിയുമൊക്കെയായി ക്യാമറക്കുമുന്നിലെത്തിയ മോഹൻലാൽ പറഞ്ഞു.
"അതെ യതേ തുടങ്ങുന്നു".
സത്യൻ അന്തിക്കാടിൻ്റെ മറുപടി.
എടുക്കാൻ പോകുന്ന സീൻ സത്യൻ അന്തിക്കാട് തന്നെ മോഹൻലാലിനെ വായിച്ചു കേൾപ്പിച്ചു.
മോഹൻലാലിനോടൊപ്പം ഈ സത്യൻ അന്തിക്കാട് ചിത്രത്തിൽ, സംഗീത് പ്രതാപും എത്തുന്നു. ഇതിനോടകം തന്നെ തന്റെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റാൻ സംഗീത് പ്രതാപിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ മികച്ച പ്രേക്ഷക പ്രതികരണത്തിൽ റിലീസ് തുടരുന്ന ബ്രോമൻസ് എന്ന ചിത്രത്തിൽ സംഗീത് നീണ്ട കയ്യടി വാങ്ങുകയാണ്.
'ഹൃദയപൂർവ്വം' എന്ന പുതിയ സത്യൻ അന്തിക്കാട് മോഹൻലാൽ ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രത്തെയാണ് സംഗീത് അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ അനുഗ്രഹത്തോട് കൂടിയാണ് മോഹൻലാലിനൊപ്പമുള്ള ഷോട്ടിലേക്ക് സംഗീത് കടന്നത്. തൃപ്പൂണിത്തറ പുതിയകാവിലെ ഒരിടത്തരം വീട്ടിലായിരുന്നു ഈ രംഗങ്ങൾ അരങ്ങേറിയത്. അതേ ദിവസം മോഹൻലാലിനും സത്യൻ അന്തിക്കാടിനും ഒപ്പം തന്റെ ജന്മദിനം ആഘോഷിക്കാനും സന്തീപിന് കഴിഞ്ഞു. പ്രൊഡക്ഷൻ ടീം തികച്ചും ലളിതമായ രീതിയിൽ കേക്കുമുറിച്ച് സംഗീതിന് ജൻമദിനാശംസയും നേർന്നു.
സത്യൻ സാറിനോടും, ലാലേട്ടനുമൊത്ത് അഭിനയിക്കാനെത്തിയ ദിവസം തന്നെ തൻ്റെ ജൻമദിനം കടന്നുവന്നത് ഭാഗ്യമായി കരുതുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് സംഗീത് തന്റെ സന്തോഷം പങ്കു വച്ചത്.
ആശിർവ്വാദ് സിനിമാസിനു വേണ്ടി ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചത് ഫെബ്രുവരി പത്ത് തിങ്കളാഴ്ച്ച ആയിരുന്നു. എന്നാൽ മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത് ഫെബ്രുവരി പതിനാല് ശനിയാഴ്ച്ച മുതലാണ് .
നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹൻലാൽ സെറ്റിലെത്തിയത്.
പ്രേക്ഷകർക്കിടയിൽ എന്നും കൗതുകമുള്ള ഒരു കോമ്പിനേഷനാണ് സത്യൻ അന്തിക്കാടും മോഹൻലാലും. ലാളിത്യത്തിലൂടെ നെഞ്ചോടു ചേർത്തുവയ്ക്കാൻ പറ്റുന്ന ഒരു പിടി ചിത്രങ്ങളാണ് ഈ കോമ്പോയിൽ പിറന്നത്. ഹൃദയപൂർവ്വം എന്ന ചിത്രത്തിൽ മോഹൻ ലാൽ അവതരിപ്പിക്കുന്ന സന്ധീപ് ബാലകൃഷ്ണനും അത്തരത്തിൽ എന്നെന്നും ഓർമ്മിക്കാൻ കഴിയുന്ന കഥാപാത്രമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാളവിക മോഹൻ നായികയായി എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, ലാലു അലക്സ്, സംഗീത എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അഖിൽ സത്യൻ്റെ കഥക്ക് ടി.പി. സോനു തിരക്കഥ രചിച്ച ചിത്രത്തിൽ മനു മഞ്ജിത്തിൻ്റെ ഗാനങ്ങൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം പകർന്നിരിക്കുന്നു.
അനു മൂത്തേടത്താണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് - കെ.രാജഗോപാൽ.
കലാസംവിധാനം - പ്രശാന്ത് മാധവ്
മേക്കപ്പ് -പാണ്ഡ്യൻ .
കോസ്റ്റ്യും - ഡിസൈൻ -സമീരാസനീഷ് .
അനൂപ് സത്യനാണ് മുഖ്യ സംവിധാന സഹായി.