പ്രിയപ്പെട്ട എംടി സാറിന് ആശംസകളുമായി മമ്മൂട്ടി
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ 91-ാം ജന്മദിനമാണ് ഇന്ന്. എംടിയ്ക്ക് ആശംസകൾ നേർന്ന് മമ്മൂട്ടി പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. "പ്രിയപ്പെട്ട എം.ടി സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ," എന്ന കുറിപ്പിനൊപ്പം മനോഹരമായ രണ്ടു ചിത്രങ്ങളും മമ്മൂട്ടി പങ്കുവച്ചിരിക്കുന്നു. ആദ്യത്തെ ചിത്രത്തിൽ മമ്മൂട്ടിയ്ക്കും എംടിയ്ക്കുമൊപ്പം ഇരുവരുടെയും കുടുംബാംഗങ്ങളെയും കാണാം.
മമ്മൂട്ടിയുടെ കൊച്ചിയിലെ വീട് എംടി സന്ദർശിച്ച സമയത്ത് പകർത്തിയ ചിത്രങ്ങളാണിത്. എംടിയ്ക്ക് ഒപ്പം ഭാര്യയും മകളും പേരക്കുട്ടിയുമുണ്ട്. ചിത്രത്തിൽ ദുൽഖർ സൽമാൻ, അമാൽ, മറിയം എന്നിവരെയും കാണാം.
തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പട്ടൊരാളാണ് എംടിയെന്ന് പല അവസരങ്ങളിലും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. “പരസ്പരം വർണിക്കാനാകാത്ത ബന്ധം ഞങ്ങൾ തമ്മിലുണ്ട്. സഹോദരനോ പിതാവോ മകനോ സുഹൃത്തോ അങ്ങനെ ഏതു രീതിയിലും അദ്ദേഹത്തെ എനിക്കു സമീപിക്കാം. തിരൂരിലേക്ക് രണ്ടു തവണ വരാൻ അവസരമുണ്ടായിട്ടുണ്ട്, അതിൽ ഒരു പ്രാവശ്യം ‘ആവനാഴി’ ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണമുണ്ടായി.
പക്ഷെ വരാൻ പറ്റിയില്ല, എന്നാൽ ഇതിനും നല്ലൊരു അവസരം വേറെയുണ്ടെന്ന് എനിക്കു തോന്നുന്നില്ല” എന്നാണ് തുഞ്ചൻ പറമ്പിൽ വച്ച് നടന്ന
എംടിയുടെ നവതി ആഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ മമ്മൂട്ടി പറഞ്ഞത്നെ. പിറന്നാൾ സമ്മാനമായി എംടിയ്ക്ക് ഒരു ബ്രേസ്ലെറ്റും മമ്മൂട്ടി നൽകിയിരുന്നു.
എം ടിയുടെ അനവധി കഥാപാത്രങ്ങളെ സ്ക്രീനിൽ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ച അഭിനേതാവു കൂടിയാണ് മമ്മൂട്ടി. ഒരു വടക്കൻ വീരഗാഥ, കേരളവർമ്മ പഴശ്ശിരാജ, സുകൃതം, ഉത്തരം എന്നിങ്ങനെ നിരവധി ഗംഭീര ചിത്രങ്ങളാണ് എംടിയും മമ്മൂട്ടിയും ഒരുമിച്ചപ്പോൾ പിറന്നത്.