നാനി- ശ്രീകാന്ത് ഒഡേല ചിത്രം "നാനിഒഡേല 2" ലോഞ്ച്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലോഞ്ച് നടന്നു. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ടീം ഒന്നിക്കുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് താൽകാലികമായി നൽകിയിരിക്കുന്ന പേര് "നാനിഒഡേല 2" എന്നാണ്. ദസറ ആഘോഷത്തിന്റെ ശുഭദിനത്തിലാണ് ചിത്രത്തിന്റെ ലോഞ്ച് നടന്നത്.


ദസറയ്ക്ക് നിരവധി അവാർഡുകൾ ലഭിക്കുകയും വളരെയധികം ജനപ്രീതി നേടുകയും ചെയ്തതോടെ, ഇതേ ടീമിന്റെ ഈ പുതിയ പാൻ ഇന്ത്യൻ ചിത്രം സൃഷ്ടിക്കുന്ന ആവേശം വളരെ വലുതാണ്. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാസ് കഥാപാത്രമായാണ് നാനിയെ ഈ ചിത്രത്തിൽ ശ്രീകാന്ത് ഒഡേല അവതരിപ്പിക്കാൻ പോകുന്നത്. അതിനായി ആകർഷകമായ തിരക്കഥയോടുകൂടിയ വലിയ കാൻവാസിലുള്ള ചിത്രമാണ് അദ്ദേഹമൊരുക്കാൻ പോകുന്നത്. ഈ കഥാപാത്രത്തിനായി ശാരീരികമായി വലിയൊരു പരിവർത്തനം വരുത്താനുള്ള ഒരുക്കത്തിലാണ് നാനി. ദസറയുടെ 100 മടങ്ങ് സ്വാധീനം സൃഷ്ടിക്കാൻ ഈ പ്രോജക്റ്റ് ലക്ഷ്യമിടുന്നുവെന്ന് നാനി അടുത്തിടെ പ്രസതാവിച്ചിരുന്നു.

നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് "നാനിഒഡേല 2" ഒരുങ്ങുന്നത്. കഥപറച്ചിൽ, നിർമ്മാണ നിലവാരം, സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവയുടെ കാര്യത്തിൽ ഏറ്റവും ഉയർന്ന തലത്തിൽ ചിത്രമെത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും.

രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Related Articles
Next Story