ഗ്രീസില്‍ നിന്ന് കാതുകുത്തി നയന്‍താര; വൈറൽ ആയി 'കാതു മാ' റീൽ
nayantara ear pearcing reel
കുടുംബത്തോടൊപ്പം ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുകയാണ് തെന്നിന്ത്യന്‍ താരം നയന്‍താര. മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പം ഗ്രീസില്‍ നിന്നെടുത്ത ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഗ്രീസില്‍ നിന്ന് തന്റെ കാത് കുത്തുന്ന റീല്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.
'നീ ഇത് ചെയ്യാന്‍ പോകുകയാണോ?' എന്ന് വിഘ്‌നേഷ് ശിവന്‍ നയന്‍താരയോട് ചോദിക്കുന്നുണ്ട്. 'എന്നെക്കൊണ്ട് അത് സാധിക്കുമെ'ന്ന് അല്‍പം പേടിയോടെയാണെങ്കിലും നയന്‍താര മറുപടി പറയുന്നുണ്ട്. പിന്നീട് ചെറിയ സ്റ്റഡുകള്‍ തിരഞ്ഞെടുത്തശേഷം നയന്‍താര കസരേയില്‍ ഇരിക്കുന്നതും ജ്വല്ലറിയിലെ ജീവനക്കാരി നയന്‍താരയുടെ കാത് കുത്തുന്നതും വീഡിയോയില്‍ കാണാം. മൂന്ന് സ്റ്റഡുകളാണ് നയന്‍താര കാതില്‍ അണിഞ്ഞത്. അതിനുശേഷം സന്തോഷത്തോടെ ഡാന്‍സ് ചെയ്യുന്നതും വീഡിയോയിലുണ്ട്.
വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ അതിസുന്ദരിയായ നയന്‍താരയെ വീഡിയോയില്‍ കാണാം. 'എന്ത് മനോഹരമായ ചെവികളാണെന്ന് നിങ്ങള്‍ക്ക് ഇനി പറയാം' എന്നാണ് റീലിന് നയന്‍താര ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം 'കാതു മാ' എന്ന ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്. നയന്‍താരയും വിഘ്‌നേഷ് ശിവനും ഒന്നിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ നയന്‍താരയുടെ കഥാപാത്രമാണ് കാതു എന്ന കാദംബരി.
നിരവധി പേരാണ് നയന്‍താരയുടെ ഈ റീലിന് താഴെ ക്യൂട്ട്‌നെസിനെ പുകഴ്ത്തി കമന്റ് ചെയ്തത്. ഇത്തരത്തിലുള്ള റീലുകളാണ് ആരാധകര്‍ ആഗ്രഹിക്കുന്നതെന്നും നയന്‍താര എന്തൊരു സുന്ദരിയാണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.