'അച്ചടക്കം, മര്യാദ, എവിടെ എന്ത് സംസാരിക്കണം എന്ന തിരിച്ചറിവ് വേണം'; 'കള്ളപ്പണ വെളുപ്പിക്കൽ സ്റ്റാർ' എന്ന പരാമർശനത്തിൽ പ്രകോപിതനായി ധ്യാൻ ശ്രീനിവാസൻ

'കള്ളപ്പണ വെളുപ്പിക്കൽ സ്റ്റാർ' എന്ന പരാമർശനത്തിൽ ഓൺലൈൻ മാധ്യമ പ്രവർത്തകനോട് കയർത്ത് നടൻ ധ്യാൻ ശ്രീനിവാസൻ. ആപ് കൈസേ ഹോ എന്ന ധ്യാൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് താരം പ്രതികരിച്ചത്. നിർമ്മാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് ധ്യാന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നത് എന്നായിരുന്നു യൂട്യൂബറുടെ പരാമര്‍ശം. ആദ്യം നിസ്സാരമായി തള്ളിക്കളയുകയായിരുന്നു ചോദ്യം വീണ്ടും ആവര്‍ത്തിച്ചതോടെ ആണ് തർക്കത്തിലേയ്ക്ക് എത്തിയത്.
ശ്രീകാന്ത് വെട്ടിയാർ എന്ന കണ്ടന്റ് ക്രിയേറ്ററിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ സിനിമയുടെ പ്രൊമോഷനുമായി ബന്ധപെട്ടു ചെയ്ത വിഡിയോയെ അടിസ്ഥാനമാക്കിയായിരുന്നു ഓൺലൈൻ മാധ്യമ പ്രവർത്തകന്റെ ചോദ്യം. മലയാള സിനിമ പ്രതിസന്ധിയിലെന്ന് നിർമ്മാതാക്കൾ ആരോപിക്കുന്ന സാഹചര്യത്തിൽ ധ്യാൻ ശ്രീനിവാസൻ സിനിമകൾ ചെയ്യുന്നതും, ഇപ്പോൾ ഇറങ്ങുന്ന ഈ ചിത്രത്തിനെ ഒരു പടക്കമായി ചിത്രീകരിച്ച് ധ്യാൻ ശ്രീകാന്ത് വെട്ടിയാരുമായി ചേർന്ന് ഒരു വീഡിയോ ചെയ്തതും ശരിക്കും ആ ചിത്രത്തെ തന്നെ നിരുത്സാഹപ്പെടുത്തുകയല്ലേ ചെയ്യുന്നത് എന്നായിരുന്നു ഓൺലൈൻ മാധ്യമ പ്രവർത്തകൻ ചോദിച്ചത്. കൂടാതെ കള്ളപ്പണം വെളുപ്പിക്കല്‍ സ്റ്റാര്‍' എന്നാണ് ധ്യാനിനെക്കുറിച്ച് യുട്യൂബില്‍ വരുന്ന കമന്റുകള്‍ എന്നും, സിനിമയെ സീരിയസ് ആയിട്ട് കാണണമെന്നുമായിരുന്നു മാധ്യമ പ്രവർത്തകൻ പറഞ്ഞത്.
മറുപടിയായി ഓൺലൈൻ മീഡിയ കാരണം തന്റെ എത്ര പടം ഓടിയിട്ടുണ്ടെന്നും, ഓൺലൈൻ മീഡിയ കാരണം വിജയിച്ച ഒരൊറ്റ ചിത്രത്തിന്റെ പേര് പറയാൻ കഴിയുമോ എന്നാണ് ധ്യാൻ ചോദിച്ചത്. സിനിമയെ ഞാൻ എങ്ങനെയാണോ കാണേണ്ടതെന്ന് നീ ആണോ എനിക്ക് പഠിപ്പിച്ച് തരേണ്ടത്. മാധ്യമ പ്രവർത്തകൻ സ്വന്തം ജോലിയെ വളരെ സീരിയസ് ആയിട്ടല്ലേ കാണുന്നത്, അതേ ഗൗരവത്തോടെയാണ് ഞാൻ സിനിമയെ കാണുന്നത്. വളരെ വ്യക്തിപരമായ ചോദ്യമാണ് ചോദിച്ചത്.എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം എന്നും ധ്യാൻ ശ്രീനിവാസൻ പ്രകോപിതനായി ചോദിച്ചു.
കൂടാതെ താൻ എന്തുകൊണ്ടാണ് തുടർച്ചയായി സിനിമ ചെയ്യുന്നതെന്നും ധ്യാൻ പങ്കുവെച്ചു.
'എന്തുകൊണ്ടാണ് എനിക്ക് ഇത്ര സിനിമയെന്ന് ചോദിച്ചില്ലേ, അത് ആളുകളെ വെറുപ്പിക്കാത്തത് കൊണ്ടാണ്. ഇവിടെ ഹിറ്റ് സിനിമ ചെയ്യുകയല്ല വേണ്ടത്. അച്ചടക്കം, മര്യാദ, എവിടെ എന്ത് സംസാരിക്കണം എന്ന തിരിച്ചറിവ്, വെറുപ്പിക്കാതിരിക്കുക എന്നിവയാണ്. നീ ഇത്രയും സമയമായിട്ട് ചെയ്ത് കൊണ്ടിരിക്കുന്നത് വെറുപ്പിക്കലാണ്. എന്നെയും അവിടെ ഇരിക്കുന്ന മുഴുവന്‍ ആളുകളെയും വെറുപ്പിച്ചില്ലേ,' എന്നും ധ്യാൻ പറഞ്ഞു.
ധ്യാനിന്റെ മറുപടിയ്ക്ക് കയ്യടിയാണ് മറ്റു മാധ്യമ പ്രവർത്തകരിൽ നിന്നും ലഭിച്ചത്. ശേഷം ചോദ്യം ചെയ്ത ആൾക്കെതിരെ ,മറ്റ് ഓൺലൈൻ മാധ്യമ പ്രവർത്തകരും പ്രതികരിച്ചു. പിന്നീട് തർക്കത്തിൽ ചിത്രത്തിലെ മറ്റൊരു അഭിനേതാവായി രമേശ് പിഷാരടിയും ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്.
അജൂസ് എബൗ വേൾഡ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ, അംജിത് എന്നിവരാണ് ആപ് കൈസേ ഹോ നിർമ്മിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജുക്കുറുപ്പ് ,ദിവ്യദർശൻ , തൻവി റാം, സുരഭി സന്തേഷ്,
ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി,സുധീഷ്,ഇടവേള ബാബു പ്രശസ്ത കോമ്പിയർ ആയ ജീവഎന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഇവർക്കൊപ്പം ശ്രീനിവാസനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്